കിളിമാനൂർ: പ്രധാനകവലയിലും തിരക്കേറിയ ബസ്സ്റ്റാൻഡ് പുതിയകാവ് റോഡിലും വാഹന പാർക്കിങ് തോന്നുംപടി. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുമ്പോൾ, മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച നോ പാർക്കിങ് ബോർഡുകൾ പലതും അജ്ഞാതർ കവർന്നു. കിളിമാനൂർമുക്ക് റോഡ്, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, പുതിയകാവ്, മഹാദേവേശ്വരം, ടൗൺ ഹാൾ കവല തുടങ്ങിയ ഇടങ്ങളിലാണ് ഗതാഗതക്കുരുക്കിനിടയാക്കി തോന്നുംപടിയുള്ള പാർക്കിങ് വർധിക്കുന്നത്.
റോഡരികിൽ വാഹനമിട്ടുപോകുന്ന ഉടമയെ കാത്ത് മണിക്കൂറുകൾ നിന്നാലും കാണാൻ കിട്ടില്ല. വാഹനങ്ങളുമായി കിളിമാനൂരിലെത്തുന്നവർക്ക് എവിടെ വേണമെങ്കിലും ഇട്ടിട്ട് പോകാമെന്ന സ്ഥിതിയാണിപ്പോൾ.
ഇരുവശത്തുമുള്ള പാർക്കിങ്ങും അശ്രദ്ധമായി വണ്ടിയെടുക്കുന്നതും അപകടങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. നടപ്പാതകളുടെ കാര്യം അതിലേറെ കഷ്ടമാണ്. നടപ്പാതകളാണ് ഇരുചക്രവാഹനങ്ങളടക്കം ഒതുക്കിയിടാൻ പറ്റിയ ഇടമെന്ന നിലയിലാണ് വണ്ടികളിടുന്നത്.
മഹാദേവേശ്വരം കവല മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ഭാഗങ്ങളിൽ വലിയ വാഹനങ്ങളടക്കം വിശ്രമിക്കുന്നത് നടപ്പാതയിലാണ്. സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സിയിലേക്കുള്ള റോഡ് മുതൽ വലിയപാലം വരെയും, ആറ്റിങ്ങൽ റോഡിൽ മുക്കുറോഡ് മുതൽ പുതിയകാവ് വരെയും റോഡിനിരുവശവും പാർക്കിങ്ങുണ്ട്.
പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിന് ഇടമുണ്ടെങ്കിലും സമീപത്തുള്ള കൊച്ചുപാല ത്തിനടുത്തുപോലും ഇരുവശത്തും വാഹന പാർക്കിങ്ങും പാതയോരത്തെ കച്ചവടവും സജീവമാണ്. സംസ്ഥാനപാതയിൽ തിരക്ക് നിയന്ത്രിക്കാനാണ് ഓട്ടോ സ്റ്റാൻഡ് ആറ്റിങ്ങൽ റോഡിലേക്ക് മാറ്റിസ്ഥാപിച്ചത്.
എന്നാൽ മിക്ക ദിവസങ്ങളിലും മുക്കുറോഡിൽ പഴയ ഓട്ടോസ്റ്റാൻഡിന്റെ സ്ഥാനത്ത് സ്വകാര്യ വാഹനങ്ങളുടെ നീണ്ടനിര കാണാം. തോന്നിയപടിയുള്ള പാർക്കിങ്ങും സൗകര്യമായി പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.