മാലിന്യവാഹനം നീക്കിയിട്ടും ദുർഗന്ധം ഒഴിവാക്കാൻ നടപടിയില്ല

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂർ പ്രധാന കവലയിൽ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചിട്ട മാലിന്യവാഹനം നീക്കം ചെയ്തെങ്കിലും ദുർഗന്ധം തുടരുന്നു. ഒരു രാത്രിയും പകലും വാഹനത്തിൽനിന്ന് പുറത്തേക്കൊഴുകിയ മലിനജലം നീക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല. ഇതോടെ ചൊവ്വാഴ്ചയും കിളിമാനൂർ ടൗണും പരിസരവും ദുർഗന്ധപൂരിതമായിരുന്നു.

ഞായറാഴ്ച രാത്രി 10 ഓടെയാണ് കോഴിമാലിന്യം കയറ്റിവന്ന പിക് അപ് വാഹനം കിളിമാനൂർ പൊലീസ് പിടികൂടിയത്. വാഹനത്തിൽനിന്ന് രൂക്ഷഗന്ധം വമിച്ചതോടെ വലിയ പാലത്തിനടുത്ത് നിർത്തിയിട്ട ശേഷം ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.

രാത്രിതന്നെ ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചയോടെ പ്രദേശമാകെ ദുർഗന്ധം പടർന്നു. സമീപത്തായി സർക്കാർ യു.പി സ്കൂളും ഒരു ക്ഷേത്രവുമുണ്ട്. ഇതറിഞ്ഞിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിച്ചു. വാഹനത്തിൽനിന്ന് ഒഴുകിയ മലിനജലം റോഡിലും സമീപത്തെ ചിറ്റാറിലേക്കും ഒഴുകി. പാലത്തിന് സമീപത്താണ് കിളിമാനൂരിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ഉള്ളത്.

സംഭവം 'മാധ്യമം' വാർത്തയാക്കിയതോടെ ചൊവ്വാഴ്ച പുലർച്ചയോടെ വാഹനം പൊലീസ് ഉടമയെ വരുത്തി ഇവിടെനിന്ന് മാറ്റി. വാർത്ത നൽകിയ മാധ്യമം ലേഖകനെ കിളിമാനൂർ പൊലീസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. വാഹനം നീക്കിയ പൊലീസ്, പ്രദേശത്ത് കെട്ടിനിന്ന മലിനജലം നീക്കാനോ ക്ലോറിനേഷൻ ചെയ്ത് ശുചീകരിക്കാനോ ഇടപെടൽ നടത്താത്തത് വലിയ പ്രതിഷേധത്തിന് കാരണമായി.

പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും ഇതിന്‍റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നായിരുന്നു പ്രസിഡൻറ് കെ. രാജേന്ദ്രൻ പ്രതികരിച്ചത്. സംഭവം സംബന്ധിച്ച് കിളിമാനൂർ സി.ഐ, എസ്.ഐ എന്നിവരുടെ ഔദ്യോഗിക നമ്പരുകളിലേക്ക് ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. 

Tags:    
News Summary - Despite removing the garbage truck there is no action to remove the stench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.