ചിതലരിച്ച ഇളകിവീഴാറായ വാതിൽ
കിളിമാനൂർ: ചിതലരിച്ച് തീരാറായ കട്ടിളപ്പടികൾ, ഏതുനിമിഷവും ഇളകിവീഴാറായി നിൽക്കുന്ന വാതിലുകൾ, മേൽക്കൂരക്കോ കെട്ടിടത്തിനോ വേണ്ടത്ര ഉറപ്പില്ല... ഇതാണ് പുളിമാത്ത് പന്തടിക്കളം അംഗൻവാടിയുടെ ഇന്നത്തെ അവസ്ഥ. അംഗൻവാടികളടക്കം വിദ്യാലയങ്ങളെല്ലാം ശിശുസൗഹൃദമാകണമെന്ന സർക്കാർ നിർദേശമുള്ളപ്പോഴാണ് പതിറ്റാണ്ടുകളുടെ പാപഭാരവും പേറിനിൽക്കുന്ന പഴയ വാടകക്കെട്ടിടത്തിൽ കുരുന്നുകൾക്ക് അംഗൻവാടി പ്രവർത്തിക്കുന്നത്.
കോൺഗ്രസ് ഭരണത്തിലുള്ള പുളിമാത്ത് പഞ്ചായത്തിൽ എട്ടാം വാർഡിൽപെട്ട പന്തടിക്കളം ഒന്നാം നമ്പർ അംഗൻവാടിയുടെ അവസ്ഥയാണ് മേൽ സൂചിപ്പിച്ചത്. ഭരണകക്ഷിയിലെതന്നെ അംഗത്തിന്റേതാണ് ഈ വാർഡ്. മൂന്നുമുതൽ അഞ്ചു വയസ്സുവരെയുള്ള 11 കുട്ടികളാണ് നിലവിൽ അംഗൻവാടിയിലുള്ളത്.
ഒറ്റമുറി കെട്ടിടത്തിന്റെ പ്രധാന വാതിലിലെ കട്ടിളപ്പടികൾ ചിതലെടുത്ത് നശിച്ചിട്ട് ഒരുവർഷത്തോളമായി. ഇതോടെ വാതിൽ ഒരുഭാഗം ഇളകി ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. വൈകുന്നേരങ്ങളിൽ വാതിൽ അടക്കാൻ കഴിയാത്ത അവസ്ഥയാണ്.
കുട്ടികൾക്ക് ഓടിക്കളിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ഏതു നിമിഷവും വാതിൽ ഇളകി വീണേക്കാമെന്ന് ടീച്ചർ പറയുന്നു. ആറുമാസം മുമ്പ് ഈ വിഷയം പഞ്ചായത്ത് അംഗത്തെ ധരിപ്പിച്ചെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല. ഉടൻ റെഡിയാകുമെന്ന് സ്ഥിരം പല്ലവിയാണ് ബന്ധപ്പെട്ടവർക്കുള്ളത്.
അതേസമയം, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 50000 രൂപ അനുവദിച്ചതായും നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും വാർഡ് മെംബർ സുസ്മിത 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, 'സർക്കാർ കാര്യം മുറപോലെ' നടക്കുമ്പോഴേക്കും കെട്ടിടത്തിന് എന്തെങ്കിലും അപകടം സംഭവിക്കുമോയെന്ന ഭീതിയിലാണ് രക്ഷാകർത്താക്കളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.