പ​ഴ​യ​കു​ന്നു​മ്മ​ലി​ലെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം

കാണാക്കയത്തിൽ മുങ്ങി ആറ് കോടിയുടെ പട്ടികജാതി ഭവനസമുച്ചയം

കിളിമാനൂർ: കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ പട്ടികജാതി വിഭാഗം താഴെത്തട്ടിലാണെന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റമില്ല. അടച്ചുറപ്പില്ലാത്ത ചെറ്റക്കുടിലുകളിൽ കുഞ്ഞുങ്ങളെയും മാറോടടക്കി രാത്രി പുലരുവോളം കാത്തിരിക്കുന്നവരേറെ.

കയറിക്കിടക്കാൻ ഒരിടമില്ലാത്തവർക്കായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സർക്കാർ ഫണ്ടിൽ നിന്ന് കോടികൾ ചെലവഴിച്ച്, പഴയകുന്നുമ്മൽ പഞ്ചായത്തിൽ നിർമിച്ച ഭവനസമുച്ചയത്തിന്‍റെ അവസ്ഥ അന്വേഷിക്കുകയാണ് ഇന്ന്.

നിരാലംബരായ പട്ടികജാതി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ തന്നെ ആദ്യ പദ്ധതിയായി ഭവനസമുച്ചയ നിർമാണത്തിന് തുടക്കം കുറിച്ചത്.

കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ, 2016-17 സാമ്പത്തിക വർഷത്തിൽ 52 പട്ടികജാതി കുടുംബങ്ങൾക്ക് ഭവനസമുച്ചയം നിർമിക്കാനായി പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മേലേപുതിയകാവിൽ 80 സെൻറ് സ്ഥലം വാങ്ങി. പട്ടികജാതി വികസനഫണ്ടിൽ നിന്ന് 5.92 കോടി രൂപ ഇതിനായി വകയിരുത്തി.

ബ്ലോക്കിന് കീഴിലെ നാവായിക്കുളം, പള്ളിക്കൽ, മടവൂർ, കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ, കരവാരം എന്നീ പഞ്ചായത്തുകളിൽ നിന്നുമായി ഗ്രാമസഭ തയാറാക്കി നൽകിയ പട്ടികയിൽനിന്നുമാണ് മുൻഗണനാക്രമത്തിൽ ഉപഭോക്താക്കളെ തെരഞ്ഞെടുത്തത്.

ഭൂരഹിതർ, ഭവന രഹിതർ എന്നിവർക്കാണ് മുൻഗണന നൽകിയത്. 'ലാറി ബേക്കർ' മാതൃകയിൽ മൂന്ന് ഫ്ലാറ്റുകൾ നിർമിക്കാനായി കോസ്റ്റ് ഫോർഡിനാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് നിർമാണ ചുമതല ഏൽപ്പിച്ചത്. ഇതേ ഏജൻസി ജില്ലയിൽ മറ്റിടങ്ങളിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം കണ്ടാണ് ബ്ലോക്ക് ഭരണസമിതി ഇവർക്ക് കരാർ നൽകിയതത്രേ.

മൂന്ന് ഫ്ലാറ്റുകളാണ് കെട്ടിട സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്. മൂന്ന് നിലകളുള്ള ഓരോ ഫ്ലാറ്റിലും 17 കുടുംബങ്ങൾക്ക് വീതം താമസസൗകര്യമൊരുക്കുകയായിരുന്നു ലഷ്യം. കുടിവെള്ളം, വൈദ്യുതി എന്നിവ കൂടാതെ പൊതുവായ അംഗൻവാടി, ബാഡ്മിന്‍റൻ കോർട്ട്, ആംഫി തിയറ്റർ, ഓഫിസ് മുറി, നിത്യോപയോഗ സാധനങ്ങൾ വിൽപനക്കുള്ള രണ്ട് കടമുറികൾ, ബയോഗ്യാസ് പ്ലാൻറ് അടക്കം 'സ്വയം പര്യാപ്തഗ്രാമം'എന്നതായിരുന്നു ലക്ഷ്യം.

നിലവിൽ മൂന്നും രണ്ടും നിലയിൽ ഓരോ ബിൽഡിങ്ങുകളുടെ സ്ട്രക്ചറുകൾ നിർമിക്കുകയും ഒരു ബിൽഡിങ്ങിനുള്ള അടിസ്ഥാനം മാത്രം ഒരുക്കിയിട്ടുമുണ്ട്. രണ്ടുവർഷത്തോളമായി നിർമാണപ്രവർത്തനങ്ങൾ പൂർണമായും നിലച്ചമട്ടാണ്.

ബ്ലോക്ക് പഞ്ചായത്തിന്‍റെ മേൽനേട്ടത്തിൽ തുടങ്ങിയ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ, സി.പി.എമ്മിന്‍റെ തന്നെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭവനസമുച്ചയം ഒരുക്കുന്നത് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയാകുമെന്ന വൈകി വന്ന വിവേകം മൂലം ഫ്ലാറ്റ് പദ്ധതി തന്നെ അവസാനിപ്പിച്ചതായാണ് അന്വേഷണത്തിൽ അറിയുന്നത്.

അങ്ങനെയെങ്കിൽ നിർമാണപ്രവൃത്തിക്കായി ഇതുവരെ ചെലവഴിച്ച ലക്ഷങ്ങൾ മാത്രമല്ല നശിക്കുന്നത്, ഭയമില്ലാതെ ഒരുരാത്രിയെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാമെന്ന 52 കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ്.

തികഞ്ഞ അവധാനതയോടും കൃത്യമായ കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കേണ്ട ഭരണ-ഉദ്യോഗസ്ഥ വൃന്ദം ഉത്തരവാദിത്തം മറക്കുമ്പോൾ പൊതുവെ ജനാവിന്‍റെ നഷ്ടം നികത്താനാവാത്തതാണ്. പാതിവഴിയിൽ നിലച്ച സ്വപ്നപദ്ധതികളുടെ കദനകഥകൾ ഇവിടെയും അവസാനിക്കുന്നില്ല.

ഒരു കോടി ചെലവഴിച്ച് കരവാരം പഞ്ചായത്തിലെ വഞ്ചിയൂരിൽ തുടങ്ങിയ അത്യന്താധുനിക അറവുശാലയുടെ നിർമാണം നിലച്ചിട്ട് വർഷം ഒന്നുകഴിഞ്ഞു. അതിനെക്കുറിച്ചുള്ള അന്വേഷണമാണ് നാളെ.....

Tags:    
News Summary - 6 Crore Scheduled Caste housing complex-work not completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.