ക​രി​യ​ല്‍തോ​ട്

കരിയൽതോട് കൈയേറ്റം; സ്വകാര്യവ്യക്തി നൽകിയ ഹരജി ചെലവ് സഹിതം തള്ളി

തിരുവനന്തപുരം: സർക്കാർ ഭൂമിയായ കരിയൽതോട് കൈയേറി ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാൻ സർക്കാറിനെ പ്രതിയാക്കി സ്വകാര്യവ്യക്തി നൽകിയ ഹരജി തിരുവനന്തപുരം മൂന്നാം അഡീഷനൽ മുൻസിഫ് ജയന്ത് ചെലവ് സഹിതം തള്ളി ഉത്തരവായി. സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി, തിരുവനന്തപുരം കലക്ടർ, ചെറുകിട ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ, തിരുവനന്തപുരം തഹസിൽദാർ, മുട്ടത്തറ വില്ലേജ് ഓഫിസർ എന്നിവരെ എതിർകക്ഷികളാക്കി മണക്കാട് സ്വദേശിനി നസീമ നൽകിയ ഹരജിയാണ് സർക്കാർ വാദം അംഗീകരിച്ച് കോടതി തള്ളിയത്.

'ഓപറേഷന്‍ അനന്ത'യുടെ ഭാഗമായി ദുരന്ത നിവാരണ നിയമ പ്രകാരം 2016ൽ അന്നത്തെ കലക്ടർ ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ കരിയില്‍ തോടിന്റെ കൈയേറ്റഭാഗം ഹരജിക്കാരിയിൽനിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു.

കരിയില്‍ തോടിന്റെ സിംഹഭാഗവും ഹരജിക്കാരി കൈയടക്കിവെച്ച ശേഷം ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടുന്നതിലേക്കാണ് കോടതിയെ സമീപിച്ചതെന്നായിരുന്നു സർക്കാർ വാദം. മുട്ടത്തറ വാര്‍ഡിലെ ത്രിമൂര്‍ത്തി നഗറിന് പുറകിലൂടെയാണ് കരിയല്‍ തോട് ഒഴുകുന്നത്.

നഗരസഭയിലെ അഞ്ച് പ്രധാന വാര്‍ഡുകളായ മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാന്‍കുളം, ശ്രീവരാഹം എന്നിവയിലെ മഴവെള്ളം കരിയില്‍ തോട് വഴി ഒഴുകിയാണ് പാര്‍വതീപുത്തനാറില്‍ ചേരുന്നത്.

സ്വകാര്യ വ്യക്തികള്‍ കരിയില്‍ തോട് കൈയേറിയതിനാല്‍ നിലവില്‍ മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് അസാധ്യമായി. കഴിഞ്ഞ മഴക്കാലത്തും ഈ അഞ്ച് വാര്‍ഡുകളില്‍ പലസ്ഥലത്തും വെള്ളം കയറി ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു. സർക്കാറിന് വേണ്ടി അഡീഷനൽ ഗവൺമെന്‍റ് പ്ലീഡർ എം. സലാഹുദ്ദീൻ ഹാജരായി.

Tags:    
News Summary - kariyilathodu encroachment Petition filed by private individual dismissed with costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.