കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം: പാർട്ടി ഏൽപിച്ച ജോലി ആത്മാർഥതയോടെ നിർവഹിക്കുക എന്നതാണ് ദൗത്യമെന്നും അതിൽ പരിപൂർണ തൃപ്തനാണെന്നും കോർപറേഷനിലെ കോൺഗ്രസിന്റെ നിയുക്ത മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. കോർപറേഷൻ പിടിക്കാൻ ജയം ഉറപ്പിച്ചാണ് മത്സരം. എം.എൽ.എ സ്ഥാനത്തിരുന്ന ഒരാൾ കോർപറേഷനിലെ ഒരു വാർഡിലേക്ക് ചുരുങ്ങുന്നു എന്ന ആക്ഷേപങ്ങൾക്ക് ഒരടിസ്ഥാനവുമില്ല. മുംബൈയിൽ ഉയർന്ന ജോലിയിരുന്നപ്പോഴാണ് പിതാവിന്റെ മരണത്തെ തുടർന്ന് മത്സരിക്കാൻ ഇവിടെ എത്തിയത്. കെ.പി.സി.സിയിൽ നിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും അടക്കമാണ് വിളിച്ചത്. കെ.പി.സി.സി ഓഫിസിൽ നിന്നുള്ള ഒറ്റ ഫോൺകോളിൽ എല്ലാം ഉപേക്ഷിച്ച് ഇവിടെ എത്തി. രണ്ടുതവണ എം.എൽ.എ ആകാൻ അവസരമുണ്ടായി. മുന്നിലുള്ളത് വലിയ ഉത്തരവാദിത്തം
വലിയൊരു ഉത്തരവാദിത്തം ആണ് പാർട്ടി ഏൽപിച്ചത്. കോർപററേഷന്റെ കവടിയാർ വാർഡിലാണ് മത്സരിക്കുന്നത്. പഠിച്ചതും ഇപ്പോൾ താമസിക്കുന്ന പ്രദേശവും ഉൾപ്പെടുന്നതാണ് വാർഡ്. ഏറെ പ്രൗഡിയുണ്ടായിരുന്ന സ്ഥലമാണ് തിരുവനന്തപുരം. നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതിന് പരമാവധി സീറ്റുകളോടെ ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം. 51 സീറ്റ് നേടി ഒന്നാമതെത്തി കോർപറേഷൻ പിടിക്കുമെന്ന പൂർണവിശ്വാസം കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്. കോർപറേഷന്റെ ചില ഭാഗങ്ങളിൽ സി.പി.എമ്മിനും ബി.ജെ.പിക്കും സ്വാധീനമുണ്ട്. ആത്യന്തികമായി കോൺഗ്രസിന് വേരോട്ടമുള്ള മണ്ണാണ് തിരുവനന്തപുരത്തിന്റേത്.
തിരുവനന്തപുരത്തിന്റെ വികസനം മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് മത്സരിക്കുന്നത്. ജയിക്കാൻ എന്തുകൊണ്ടും പറ്റുന്ന മികച്ച പാനലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആശ വർക്കർമാർ, തലമുതിർന്ന നേതാക്കൾ അടക്കം ടെക്കികൾ വരെ കേൺഗ്രസ് ആദ്യഘട്ടം പ്രഖ്യാപിച്ച പട്ടികയിലുണ്ട്.
ശബരി അല്ല, വി.ഡി. സതീശൻ വന്ന് മത്സരിച്ചാലും തിരുവനന്തപുരത്ത് വിജയിക്കാൻ പോകുന്നില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത് കോൺഗ്രസ് - ബി.ജെ.പി ധാരണയുടെ പുറത്താണെന്നും മന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസ്കാവന ബഹുമാനത്തോടെ കാണുന്നുവെന്ന് ശബരിനാഥൻ പരിഹസിച്ചു. പി.എം ശ്രീയിൽ ഒപ്പിട്ടത് അറിഞ്ഞില്ലെന്നാണ് പാർട്ടി സെക്രട്ടി എം.വി. ഗോവിന്ദൻ പറഞ്ഞത്. പക്ഷെ, ആരും അറിയാതെ വി. ശിവൻകുട്ടി ഉദ്യോഗസ്ഥയെ കൊണ്ട് അതിൽ ഒപ്പിടുവിച്ചു. അപ്പോൾ ധാരണ ആരൊക്കെ തമ്മിലെന്ന് വ്യക്തമാണല്ലോ. തങ്ങൾക്ക് ഒരുപാർട്ടിയുമായും ധാരണയില്ല. മത്സരിച്ച് ജയിക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.