തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സമർപ്പിക്കുന്നതിന് ഹൈകോടതിയിൽനിന്ന് സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം. കണക്കുകളുടെ പരിശോധന നടന്നുവരികയാണെന്നും ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നുമുള്ള നിലപാടിലാണ് ബോർഡ്.
സംഗമവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽനിന്ന് ബില്ലുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിന് പുറമെ ഉപകരാറുകൾ സംബന്ധിച്ച വിശദാംശങ്ങളും ലഭിക്കേണ്ടതുണ്ട്. ആ സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്നാണ് ബോർഡ് നിയോഗിച്ച ടാസ്ക് ഫോഴ്സ് പറയുന്നത്. അത് പരിഗണിച്ചാണ് ബോർഡ് നീക്കം. അയ്യപ്പ സംഗമത്തിലെ ചെലവ് സംബന്ധിച്ച കേസ് ഹൈകോടതി പരിഗണിക്കുന്ന 27ന് ഇക്കാര്യങ്ങൾ അറിയിക്കും.
അതിനിടെ സംഗമവുമായി ബന്ധപ്പെട്ട കണക്കുകളുടെ പരിശോധന ബോർഡ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഐ.ഐ.ഐ.സി നൽകിയ ബില്ലുകളിൽ പരിശോധന പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കും. എസ്റ്റിമേറ്റ് അനുസരിച്ച് പാർട്ടുകളായുള്ള ബില്ലുകളാണ് ഐ.ഐ.ഐ.സി നൽകിയിട്ടുള്ളത്. ഇങ്ങനെ നൽകിയ ബില്ലുകളിൽ വിശദ പരിശോധന സങ്കീർണമാണെന്ന് ടാസ്ക് ഫോഴ്സ് ബോർഡിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ 27ന് മുമ്പ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റർക്ക് കൈമാറുക അസാധ്യമാണെന്നാണ് വിലയിരുത്തൽ. ഓഡിറ്റർക്ക് കൈമാറിയാലും ഗസ്റ്റ് നവീകരണമുൾപ്പെടെയുള്ളവയിൽ നേരിട്ടുള്ള പരിശോധന ഓഡിറ്റർക്ക് നടത്തേണ്ടി വരും. ഇതിനുശേഷം മാത്രമേ ഓഡിറ്റർ അംഗീകരിച്ച കണക്ക് സ്പെഷൽ കമീഷണർക്ക് സമർപ്പിക്കുകയുള്ളൂ. സ്പെഷൽ കമീഷണറാണ് കണക്ക് ഹൈക്കോടതിക്ക് നൽകേണ്ടത്. അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തിയതും ബോർഡിൽ നിന്നും അഡ്വാൻസ് നൽകിയ തുക തിരികെ നിക്ഷേപിച്ചതും ബോർഡ് 27ന് ഹൈകോടതിയെ അറിയിക്കും. ഇതിന് സ്റ്റാന്റിങ് കൗൺസിലിനെ ചുമതലപ്പെടുത്തി. കണക്കുകൾ 17ന് മാത്രമാണ് ബോർഡിന്റെ അക്കൗണ്ട്സ് വിഭാഗത്തിൽ കിട്ടിയത്. ഉപകരാറുകാരുടെ ബില്ലുകൾ സമർപ്പിക്കാൻ ഐ.ഐ.ഐ.സിയോട് നിർദേശിച്ചിട്ടുണ്ട്. അടുത്തദിവസം ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബോർഡിന്റെ കണക്ക് പ്രകാരം 400 ഓളം ബില്ലുകൾ ഇതിലുണ്ടാകും. ഇതിലെ പരിശോധന കൂടി പൂർത്തിയാക്കി ചെലവ് 4.99 കോടിയായി പരിമിതപ്പെടുത്തണം. ഇത് സങ്കീർണമായ നടപടിയാണെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
ബോർഡ് ഓരോ ഇനത്തിലും ചെലവ് തുക കണക്കാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ബില്ലുകൾ മാത്രം അംഗീകരിച്ചാൽ മതിയെന്നാണ് ടാസ്ക് ഫോഴ്സിന് ബോർഡ് നൽകിയിട്ടുള്ള നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.