പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഹരിത കർമ സേനാംഗങ്ങളുടെ അക്കൗണ്ടിൽ മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. കോർപറേഷനിലെ പുന്നയ്ക്കമുഗൾ വാർഡിലെ 13 പേരടങ്ങുന്ന ഹരിതകർമ സേന അംഗങ്ങളുടെ അക്കൗണ്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ കോർപറേഷൻ ഹെൽത്ത് ഓഫിസർക്ക് മേയർ നിർദ്ദേശം നൽകി. വാർഡിലെ ഹരിത കർമസേന കൺസോർഷ്യം പ്രസിഡന്റിനെയും സെക്രട്ടറിയെയും അന്വേഷണത്തിന്റെ ഭാഗമായി ചുമതലയിൽ നിന്ന് മാറ്റി നിറുത്താനും തീരുമാനമായി. വാർഡിലെ ഹരിത കർമ സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്യുന്നതിനായി ശേഖരിക്കുന്ന യൂസർഫീയടക്കം ഒറ്റ അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്.
കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയാലേ ഇവർക്ക് ഈ അക്കൗണ്ടിൽ നിന്ന് പ്രതിമാസം ശമ്പളമെടുക്കാൻ സാധിക്കൂ. കണക്കുകൾ കൃത്യമായി രേഖപ്പെടുത്താത്തതോടെ കഴിഞ്ഞ മാസങ്ങളിൽ ശമ്പളമെടുക്കൽ മുടങ്ങി. ഇതോടെ അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇതാണ് തിരിമറിയുണ്ടെന്ന സംശയത്തിലേക്ക് എത്തിച്ചത്. അംഗങ്ങൾ വാർഡിലെ ജെ.എച്ച്.ഐയെ സമീപിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയുമായിരുന്നു.
ഹരിതകർമ സേനാംഗങ്ങൾക്ക് പൈസ കടം ചോദിക്കുമ്പോൾ കൊടുത്തതുകൊണ്ടാണ് തുകയിൽ കുറവ് വന്നെന്നാണ് കൺസോർഷ്യം പ്രസിഡന്റ് വിശദീകരണം. പ്രസിഡന്റ് തന്നെ ക്രമക്കേട് നടത്തിയെന്ന ആരോപണം ചില അംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച് കോർപറേഷനിൽ വിശദീകരണ യോഗം നടന്നതായും പറയപ്പെടുന്നു. എന്നാൽ, തിരിമറി കണ്ടെത്തിയതോടെ ഒത്തുതീർപാക്കാൻ വാർഡ് കൗൺസിലർ ശ്രമിച്ചുവെന്ന ആരോപണവും ഉയരുന്നു. എല്ലാ അംഗങ്ങളെയും വിളിച്ചുചേർത്ത് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആക്ഷേപം.
തിരിമറിയിൽ കൗൺസിലർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തണമെന്ന ആവശ്യവും അംഗങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, തിരിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.