തിരുവനന്തപുരം: ബന്‌ധം വേർപെടുത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയ ദമ്പതികൾ തിരികെ പോയത് പിണക്കംമറന്ന്. സംസ്ഥാന വനിത കമിഷന്റെ ജില്ലതല അദാലത്തിലാണ് സംഭവം. വഴക്കിനിടെ ഭർത്താവ് ഉപയോഗിച്ച തെറ്റായ വാക്കാണ് മാസങ്ങൾ നീണ്ട ദാമ്പത്യ വഴക്കിനും വേർപിരിയൽ കേസിനും ഇടയാക്കിയത്. ഒടുവിൽ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനും ക്ഷമ പറയാനും ഭർത്താവ് തയാറായതോടെ ദമ്പതികൾ ഒത്തൊരുമിച്ചു മടങ്ങി.
വനിത കമിഷന് മുന്നിൽ പരാതിയെത്തിയപ്പോൾ ഇരുകൂട്ടരെയും വിളിച്ചുവരുത്തി കൗൺസിലിങ് നൽകി. കൗൺസിലിങിലൂടെ ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് ഇന്ന് പരിഹരിക്കാൻ കഴിഞ്ഞതെന്ന് വനിത കമിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ 150 കേസുകൾ പരിഗണിച്ചു. 21 കേസുകൾ പരിഹരിച്ചു. 11 കേസുകളിൽ റിപ്പോർട്ട് തേടിയപ്പോൾ രണ്ടെണ്ണം കൗൺസിലിംഗിനയച്ചു. 116 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. വനിത കമിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, സി.ഐ. ജോസ് കുര്യൻ, കൗൺസിലർ കവിത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.