തിരുവനന്തപുരം :മ്യൂസിയം കനകക്കുന്ന് പരിസരത്ത് സ്ത്രീകൾക്കെതിരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രത്യേക സുരക്ഷാസംവിധാനം ഒരുക്കാൻ പൊലീസ്. ആദ്യഘട്ടമെന്ന നിലയിൽ മ്യൂസിയം സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തി ആറ് ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി. അവിടങ്ങളിൽ വനിത പൊലീസുകാർ ഉൾപ്പെടുള്ളവരെ ഡ്യൂട്ടിക്കിടുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വെള്ളയമ്പലം, കനകക്കുന്ന്, മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന്റെ മുൻവശം, നഗരസഭയുടെ പിറകിലത്തെ ഗേറ്റ്, കവടിയാർ എന്നിവിടങ്ങളിലാണ് പൊലീസുകാർ രാത്രി ഡ്യൂട്ടിക്കുണ്ടാവുക. ഇതുകൂടാതെ ബൈക്ക് പട്രോളിങ് സംഘത്തെ സ്റ്റേഷൻ പരിധിയിൽ നിയോഗിക്കും. രാത്രിയിൽ സ്റ്റേഷന്റെ പ്രധാന ചുമതലയുള്ളവരുടെ നേതൃത്വത്തിലും പരിശോധന നടത്തും. സംശയമുള്ളവരെ കൂടുതൽ പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തിരിച്ചറിഞ്ഞാൽ വിഡിയോ ചിത്രീകരിക്കും.
രാവിലെ മുതൽ വൈകീട്ട് വരെ മാത്രം ഡ്യൂട്ടിയുണ്ടായിരുന്ന പിങ്ക് പൊലീസ് പട്രോളിങ് രാത്രികാലങ്ങളിലും.
നഗരത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി കൂടുതൽ പൊലീസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
നിർഭയ ആപ് പ്രോത്സാഹിപ്പിക്കാൻ 10 കിയോസ്കുകളും സ്ഥാപിക്കും. ബൈക്ക് റേസിങ് നിരീക്ഷിക്കാൻ മൂന്ന് ഡ്രോണുകളും വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.