തിരുവനന്തപുരം: ഭരണമേറ്റെടുത്ത് ദിവസങ്ങൾ കഴിയുംമുമ്പെ മേയറും ഡെപ്യൂട്ടി മേയറുമടക്കം ബി.ജെ.പി കൗൺസിലർമാർ ഡൽഹിക്കുപോയതിന് പിന്നാലെ കോർപറേഷനിൽ ഭരണസ്തംഭനമെന്ന് ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. കോർപറേഷൻ ബജറ്റ് ഉൾപ്പെടെ അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഭരണസമിതി അംഗങ്ങൾ അപ്പാടെ ഡൽഹിക്ക് പോയത്. വാർഡുകളുമായി ബന്ധപ്പെട്ട ദൈനംദിന പ്രവൃത്തികൾവരെ തടസപ്പെടുന്ന സാഹചര്യമാണ്.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത് ബി.ജെ.പി കൗൺസിലർമാർ 13ന് തിരിച്ചെത്തുമെങ്കിലും 14ന് രണ്ടാം ശനി ആയതിനാൽ കോർപറേഷന്റെ പ്രവർത്തനം സാധാരണ നിലയിലാകാൻ അടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കണം. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കെ, ഫെബ്രുവരി അവസാനമെങ്കിലും ബജറ്റ് പാസാക്കണം. പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂവെന്നാണ് പ്രതിപക്ഷ ആരോപണം. വാർഡ് സഭകൾ കൂടാനുള്ള അവസാന തീയതി കഴിഞ്ഞെങ്കിലും പകുതിയോളം വാർഡുകളിൽ ഇനിയും കൂടിയിട്ടില്ലത്രേ.
ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്താൻ വകുപ്പ് മേധാവികളിൽനിന്നുൾപ്പെടെ നിർദേശങ്ങൾ സ്വരൂപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. മുൻ ബജറ്റിൽ വകയിരുത്തിയ തുക, ചെലവഴിച്ച തുക, സ്പിൽ ഓവർ ആയി ഉൾപ്പെടുത്തേണ്ട പദ്ധതികൾ തുടങ്ങിയവയൊന്നും ഇതുവരെ തയാറാക്കിയിട്ടില്ല. വർക്കിങ് ഗ്രൂപ്പ് യോഗങ്ങളിൽ ഉയർന്ന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വാർഡ് സഭകൾ 10 നകം കൂടണമെന്നാണ് മേയർ കൗൺസിലിൽ അറിയിച്ചിരുന്നത്. എന്നാൽ, സഭ കൂടാനുള്ളതിൽ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളുമുണ്ടെന്ന് ഭരണപക്ഷം പറയുന്നു.
ഓഡിറ്റോറിയം, മാർക്കറ്റ്, ഷോപ്പിങ് കോംപ്ലക്സ് കടമുറികൾ തുടങ്ങി കോർപറേഷന്റെ ആസ്തികളുടെ ലേല നടപടികൾ ഈ മാസം തുടക്കത്തിൽ ആരംഭിച്ചാലേ അടുത്ത സാമ്പത്തിക വർഷം പുതിയ കരാറിൽ ഏർപ്പെടാൻ കഴിയൂ. സ്ത്രീസുരക്ഷ പെൻഷന് അപേക്ഷിച്ച ഗുണഭോക്താക്കളുടെ പരിശോധന കൗൺസിലർമാരുടെ അഭാവത്തിൽ പാതിവഴിയിലാണെന്നും ആക്ഷേപമുണ്ട്. സ്ത്രീസുരക്ഷ പെൻഷന് അർഹരായവരുടെ പട്ടിക കഴിഞ്ഞ കൗൺസിൽ അംഗീകരിച്ചെന്നാണ് ഭരണപക്ഷത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.