അറസ്റ്റ് ചെയ്ത ജിതിന് , സച്ചു , ജ്യോതിസ്
മണ്ണന്തല: കഞ്ചാവ് വില്പനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.
നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സ് അമരത്തില്‍ കാപ്പിരി ജിതിന് എന്നുവിളിക്കുന്ന ജിതിന് (35) , മെഡിക്കല്‍ കോളജ് സ്വദേശി സച്ചു (27), മരുതൂര്‍ മങ്കാരം സ്വദേശി ജ്യോതിസ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേര്‍ ഒളിവിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനിടായായ സംഭവം നടന്നത്. മെഡിക്കല്‍ കോളജ് സ്വദേശി അബ്ദുല്ലയെ (20) യാണ് സംഘം വിമാനത്താവളത്തിന് സമീപംനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തത്.
സംഭവ ദിവസം വിമാനത്താവളത്തിന് സമീപം സുഹൃത്തിനെ കാണാനെത്തിയ അബ്ദുല്ലയെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോകുകയും നാലാഞ്ചിറ കുരിശടിക്കുസമീപമുളള ഇടവഴിയില്‍വെച്ച് കമ്പി ഉപയോഗിച്ച് മര്‍ദിച്ചവശനാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരികെ ചാക്കയില്‍ കൊണ്ടുവിട്ടു. സംഭവത്തെക്കുറിച്ച് അബ്ദുല്ല ആരെയും അറിയിച്ചില്ല. എന്നാല്‍ മറ്റൊരു ദിവസം വീണ്ടും അബ്ദുല്ലയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, വട്ടിയൂര്‍ക്കാവിലുളള ഒരു ഫാമിനുളളില്‍ എത്തിക്കുകയും അവിടെവെച്ച് ക്രൂരമായി മര്‍ദിച്ചശേഷം തല പൂര്‍ണമായും മൊട്ടയടിച്ചു.
പ്രതികളുടെ സംഘത്തില്‍പ്പെട്ട ജ്യോതിസ് എന്നയാളുടെ കഞ്ചാവ് വിൽപന സംബന്ധിച്ച വിവരങ്ങള്‍ എക്സൈസിന് നല്‍കിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ കഞ്ചാവുമായി ജ്യോതിസിനെ എക്സൈസ് സംഘം പിടികൂടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണ്ണന്തല എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍, സി.പി.ഒ മാരായ വിനോദ്, അനീഷ്, പ്രദീപ്, പ്രശാന്ത്, സജിത്ത്, പാര്ത്ഥന് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.