തിരുവനന്തപുരം: തലസ്ഥാന നഗരം കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പ് എന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. തമിഴ്നാട് വിളവൻകോട് സ്വദേശി സുന്ദർരാജ് (51), തിരുവനന്തപുരം അമ്പലംമുക്ക് സ്വദേശി അണ്ടൂർക്കോണത്ത് വാടകക്ക് താമസിച്ചുവരുന്ന രഞ്ജിത് എന്ന സജിത്ത് (45) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക തട്ടിയെടുത്തശേഷം നോട്ടുകെട്ടുകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും യഥാർഥ നോട്ടുകളും ഇടയിൽ സിനിമാ ഷൂട്ടിങ്ങുകൾക്കും മറ്റുമായി പ്രിൻറ് ചെയ്ത ഫാൻസി നോട്ടുകളും വെച്ച് കൈമാറി കബളിപ്പിക്കുന്ന രീതിയാണ് ഇവരുടെതെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.
കഴിഞ്ഞവർഷം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പ്രതികളിലൊരാളായ സജിത്തിനെ അറസ്റ്റ് ചെയ്തശേഷം അണ്ടൂർക്കോണത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കബളിപ്പിക്കുന്നതിനായി പ്രിൻറ് ചെയ്ത് സൂക്ഷിച്ചിരുന്ന ഫാൻസി നോട്ടുകളുടെ വൻശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി ആൾക്കാർ ഇവരുടെ തട്ടിപ്പിനിരയായതായി സംശയിക്കുന്നു.
ഫോർട്ട് അസി. കമീഷണർ ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ഉത്തമൻ, സുനിൽകുമാർ, സി.പി.ഒമാരായ ബിനു, സാബു, പ്രഫൽ, സിന്ധു, അജിത എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.