തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കലക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല നിയന്ത്രണ സമിതി യോഗത്തിൽ ആപ്പിന്‍റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു. ആപ്പിലൂടെ രജിസ്റ്റർ ചെയ്ത ഷൂട്ടർമാർക്ക് കാട്ടുപന്നിശല്യമുണ്ടാകുന്ന ഉടൻ അലർട്ട് സന്ദേശം ലഭിക്കും. സുരക്ഷ മുൻനിർത്തി വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രത സമിതി കോഓഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ഉൾപ്പെടുത്തും. ആപ്പ് രൂപവത്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കലക്ടർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ജില്ലയിൽ 1,658 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുളള കണക്കിൽ നെടുമങ്ങാട് നഗരസഭയിലാണ് കൂടുതൽ കാട്ടുപന്നികളെ കൊന്നൊടുക്കിയത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് രണ്ടാമതും തിരുവനന്തപുരം കോർപറേഷൻ മൂന്നാമതുമാണ്.
വന്യമൃഗങ്ങൾ താവളമാക്കുന്ന എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കുന്നതിനുള്ള പ്രത്യേക സംവിധാനം കൊണ്ടുവരും. കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.