തീരദേശം ലഹരിയുടെ പിടിയിൽ; വിൽപന വ്യാപകം

അമ്പലത്തറ: തീരദേശമേഖലയില്‍ ലഹരി വില്‍പനയും ഉപയോഗവും വ്യാപകം. കഴിഞ്ഞ ദിവസം ബീമാപള്ളി യു.പി.എസ് സ്കൂളിന് സമീപം സെയ്ദലിയുടെ വീട്ടില്‍നിന്ന് വില്‍പനക്ക് വെച്ചിരുന്ന രണ്ടരക്കിലോ കഞ്ചാവ് പൂന്തുറ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് ചോദ്യംചെയ്തപ്പോള്‍ സ്കൂള്‍ കൂട്ടികള്‍ ഉൾപ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്ന് വ്യക്തമായി.

ദിവസങ്ങള്‍ക്ക് മുമ്പ് തീരദേശത്തെ ഒരു സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിനിയുടെ ബാഗില്‍നിന്ന് അരക്കിലോയോളം വരുന്ന നിരോധിത ഉല്‍പന്നമായ കൂള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ബാത്ത്റൂമുകളില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ഉപയോഗിച്ചശേഷം വലച്ചെറിഞ്ഞ നിരവധി നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ കവറുകള്‍ കണ്ടത്തി.

സ്കൂളിന്‍റെ യശസ്സിനെ ബാധിക്കുമെന്ന് കണ്ട സ്കൂള്‍ അധികൃതര്‍ പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കാനോ കുട്ടിയെ കൗണ്‍സലിങ് നടത്താനോ തയാറാവാതെ രഹസ്യമായി രക്ഷാകര്‍ത്താക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ സഹപാഠികളില്‍ നിന്ന് വിവരം പുറത്തറിഞ്ഞ പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് കണ്ടെത്തിയെങ്കിലും തുടര്‍നടപടികളെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് നിരോധിത ലഹരിവസ്തുക്കളുടെ വില്‍പന സജീവമാണ്. പരസ്യമായി പരിശോധന നടത്താന്‍ ഇതുവരെയും ലോക്കല്‍ പൊലീസിന് കഴിയുന്നില്ല. തീരദേശത്ത് പരിശോധന നടത്തിയാല്‍ വലിയ ക്രമസമാധാന വിഷയം ഉണ്ടാകുമെന്നും അത്തരം പൊല്ലാപ്പുകളിൽ എന്തിന് തലയിടണമെന്ന നിലപാടിലാണ് പൊലീസ്.

ടെക്കികള്‍ ഉൾപ്പെടെ പലയിടത്തും നിന്നുള്ള സംഘങ്ങളാണ് മുന്തിയഇനം കാറുകളിലും വിലകൂടിയ ബൈക്കുകളിലുമായി തീരദേശത്തെത്തുന്നത്. ബീമാപള്ളിയുടെ പുറകുവശം, മുട്ടത്തറ, വലിയതുറ പാലം, തിരുവല്ലം മുതല്‍ ഈഞ്ചക്കല്‍ വരെയുള്ള ബൈപാസിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ലഹരി ഇടപാടുകള്‍ നടക്കുന്നത്.

Tags:    
News Summary - drugs hunt in coastal areas- widespread Sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.