കുഞ്ഞലമാലകളായ് കലയുടെ ഒഴുക്ക്

തിരുവനന്തപുരം: മഹാമാരിയുടെ കെട്ട കാലത്തിനു ശേഷം അതിജീവനത്തിന്‍റെ സർഗസാക്ഷ്യങ്ങളായി കലയുടെ കുഞ്ഞലമാലകൾ ഒഴികിത്തുടങ്ങി. തലസ്ഥാനത്ത് ഇനി താളമേളങ്ങളുടെ പകലിരവുകൾ. തിരുവാതിരയുടെ ചിറകിലേറിയും വഞ്ചിപ്പാട്ടിൽ താളംപിടിച്ചും പാഞ്ചവാദ്യത്തിന്‍റെ മേളപ്പെരുക്കത്തിലലിഞ്ഞും റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവക്ക് പുറമേ, ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, എസ്.എസ്.ഡി ശിശുവിഹാർ യു.പി.എസ് വഴുതക്കാട് എന്നിവിടങ്ങളിലാണ് 12 വേദികൾ സജ്ജമാക്കിയിരിക്കുന്നത്. 297 ഇനങ്ങളിലായി 7320 വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കാനെത്തുന്നത്.

ചൊവ്വാഴ്ച രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലാമേളക്ക് തുടക്കമായത്. വൈകീട്ട്, വേദികളുണരുന്നതിന് തൊട്ടുമുമ്പായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ. രചന മത്സരങ്ങളായിരുന്നു ആദ്യ ദിവസത്തെ പ്രധാന ഇനങ്ങൾ. 30ഓളം മുറികളിലാണ് രചന മത്സരങ്ങൾ നടന്നത്.

വൈകീട്ട് നാലിന് മന്ത്രി ആന്‍റണി രാജു കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിലെ ഒന്നാം സ്റ്റേജിൽ യു.പി വിഭാഗം തിരുവാതിരയോടെയാണ് വേദികളുണർന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം തിരുവാതിരക്കളിയായിരുന്നു ആദ്യ ദിനത്തിൽ ഒന്നാം വേദിയിൽ അരങ്ങേറിയത്.

നാലരയോടെയാണ് മത്സരം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും മിക്കവേദികളിലും ഒന്നര മണിക്കൂർ വൈകി. ഇതു രാത്രി വൈകാൻ ഇടയാക്കി. വഞ്ചിപ്പാട്ട്, ചെണ്ട, പഞ്ചവാദ്യം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, പ്രസംഗം, പദ്യം ചൊല്ലൽ, കൂടിയാട്ടം, കഥകളി, അക്ഷരശ്ലോകം, അഷ്ടപദി, കാവ്യകേളി, അറബിഗാനം, സംഭാഷണം, ഗസൽ എന്നിവയാണ് ആദ്യ ദിനത്തിലെ മറ്റു പ്രധാന ഇനങ്ങൾ. ഒന്നാം വേദിയില്‍ സാധാരണ കാണാറുള്ള ആവേശവും ആദ്യ ദിനത്തിൽ കാണാനില്ലായിരുന്നു.

യു.പി വിഭാഗത്തിൽ 38 ഇനങ്ങളിൽ 1082 വിദ്യാർഥികളും എച്ച്.എസ് വിഭാഗത്തിൽ 88 ഇനങ്ങളിൽ 2475 പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ 102 ഇനങ്ങളിലായി 2355 വിദ്യാർഥികളുമാണ് മത്സരിക്കുക. കോട്ടൺ ഹിൽ എച്ച്.എസ്.എസിലെ ഓഡിറ്റോറിയമാണ് ഒന്നാംവേദി. യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളിൽ 457 പേർ പങ്കെടുക്കും.

എച്ച്.എസ് വിഭാഗത്തിൽ 18 ഇനങ്ങളിൽ 372 വിദ്യാർഥികളും. അറബിക് കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ 32 ഇനങ്ങളിലായി 339 പേർ മത്സരിക്കും. യു.പി വിഭാഗത്തിൽ 13 ഇനങ്ങളിലായി 240 വിദ്യാർഥികളും. വിധികർത്താക്കൾക്കുള്ള പ്രതിഫലം നേരിട്ട് നൽകുന്നതിന് പകരം ഓൺലൈൻ സംവിധാനമായ പബ്ലിക് ഫിനാൻസ് മാനേജ്മെന്‍റ് സിസ്റ്റം (പി.എഫ്.എം.എസ്) വഴി അക്കൗണ്ടുകളിലേക്ക് നൽകാനാണ് തീരുമാനം.

Tags:    
News Summary - District school arts festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.