വൈദ്യുതി ബോർഡിലെ സമരപരിഹാരം; ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിതല ചർച്ചക്ക് വഴിതുറക്കുന്നു

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ഓഫിസർമാരുടെ സംഘടന നടത്തുന്ന സമരം പരിഹരിക്കാൻ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. നിലവിൽ ഡൽഹിയിലുള്ള അദ്ദേഹം തലസ്ഥാനത്ത് എത്തിയാലുടൻ വിശദമായ ചർച്ച നടക്കും.

കഴിഞ്ഞ ദിവസം ഹൈകോടതിയുടെ ഇടക്കാല ഉത്തരവിൽ ഒന്നാം കക്ഷിയായ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തണമെന്ന് നിർദേശിച്ചിരുന്നു. തർക്കവിഷയങ്ങളിൽ അതിനു മുമ്പുതന്നെ ധാരണയുണ്ടാക്കാനാണ് നീക്കം. ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ബുധനാഴ്ച മന്ത്രി കൃഷ്ണൻകുട്ടിയെ കണ്ടിരുന്നു. എന്നാൽ, വിശദ ചർച്ചക്ക് സമയം കിട്ടിയില്ല.

കെ.എസ്.ഇ.ബിയിലെ മെഡിക്കൽ അവധിയിലുള്ളവർ ഒഴികെ മുഴുവൻ ജീവനക്കാരും ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന് ബോർഡ് യോഗത്തിൽ ധാരണയായി. ദേശീയതലത്തിലെ ഊർജ പ്രതിസന്ധിയുടെ സാഹചര്യത്തിലാണിത്. അതേസമയം, ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റിയ നടപടി പിൻവലിച്ചിട്ടില്ല.

നേതാക്കൾ പുതിയ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിച്ചില്ല. നേതാക്കൾക്കെതിരായ കുറ്റപത്രങ്ങളിൽ നടപടി അവസാനിപ്പിച്ചിട്ടുമില്ല. ബോർഡ് ആസ്ഥാനത്തേക്ക് തള്ളിക്കയറിയ 19 ഓഫിസർമാർക്കെതിരെ നോട്ടീസ് തയാറായിട്ടുണ്ട്. ഇതും ഉടൻ നൽകുമെന്നാണ് സൂചന. ഇരുകൂട്ടരും നിലപാടിൽ ഉറച്ചുനിൽക്കെയാണ് സമരം നേരിടാൻ ആവശ്യമെങ്കിൽ കെസ്മ പ്രയോഗിക്കാമെന്ന ഹൈകോടതി ഉത്തരവും വന്നത്. തങ്ങൾക്ക് അനുകൂലമായി ഇരുകൂട്ടരും ഇത് വ്യാഖ്യാനിക്കുന്നു.

ബോർഡും ഉദ്യോഗസ്ഥരും തമ്മിലെ തർക്കത്തിൽ സർക്കാറിന് മധ്യസ്ഥം വഹിക്കാമെന്നും പൊതുജന നന്മ ലാക്കാക്കി സമാധാനപരമായി ചർച്ചചെയ്ത് പ്രശ്നപരിഹാരം കണ്ടെത്താമെന്നും ഉത്തരവിലുണ്ട്. തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാൻ ഉപഭോക്താക്കളുടെ അവകാശം എടുത്തുപറഞ്ഞിട്ടുണ്ട്. ജോലിയിൽനിന്ന് വിട്ടുനിൽക്കുക വഴി വൈദ്യുതി വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നവർ സമൂഹത്തി‍െൻറ സാധാരണ ജീവിതമാണ് തകിടം മറിക്കുന്നതെന്നും അത് സർക്കാർ തടയണമെന്നും വിധിയിൽ പറയുന്നതായി വൈദ്യുതി ബോർഡ് വിശദീകരിച്ചു.

അസോസിയേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹം നേരിടാൻ കെസ്മ പ്രയോഗിക്കാന്‍ ഹൈകോടതിയുടെ അനുമതി എന്ന നിലയില്‍ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രക്ഷോഭം തീര്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നും വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായാല്‍ കെസ്മ അടക്കം പ്രയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നുമാണ് വിധിയെന്ന് ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. കാര്യങ്ങൾ ഈ നിലക്ക് മുന്നോട്ടുപോകവെയാണ് സമരം പരിഹരിക്കാൻ ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ചക്ക് വഴിതുറക്കുന്നത്.

Tags:    
News Summary - Department of Energy, Principal Secretary level paves the way for discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.