തിരുവനന്തപുരം: വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇറച്ചി aവിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് വിമാനങ്ങളിൽ പക്ഷി ഇടിച്ചുണ്ടായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് കോർപറേഷൻ തയാറായത്.
വിമാനത്താവളത്തിന് സമീപം ഇറച്ചിക്കച്ചവടവും കോഴിക്കടകളും പ്രവർത്തിക്കുന്നതാണ് പക്ഷിശല്യം കൂടാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചിക്കച്ചവടം നിരോധിച്ച് കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇവിടങ്ങളിലെ താമസക്കാരുടെ വീടിന്റെ ഒരു ഭാഗം വാടകക്കെടുത്ത് പുറത്തുനിന്നുള്ളവർ ഇറച്ചിക്കച്ചവടം നടത്തുന്നത്. ഇത്തരത്തിൽ 12 ഓളം കടകളാണ് വിമാനത്താവളത്തിന് ചുറ്റുമുള്ളത്. അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പൊലീസ് ഇടപെടും. ഇറച്ചിക്കച്ചവടത്തിനായി വീട് വാടകക്ക് നൽകരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ലാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചു. വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ 96 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിക്കുന്നത്. അംഗൻവാടിയും വായനശാലയുമടക്കം മാറ്റും. സെന്റ് സേവ്യേഴ്സ് പള്ളിക്ക് എതിർവശത്തായി 12 ബ്ലോക്കുകളുള്ള എട്ട് യൂനിറ്റ് ഫ്ലാറ്റുകളാണ് ഇവരെ പുനരധിവസിപ്പിക്കാനായി ഒരുക്കുക. അടുത്ത വർഷം തന്നെ ഫ്ലാറ്റ് പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാനുള്ള നടപടികളിലാണ് കോർപറേഷൻ.
പക്ഷിശല്യം ഒഴിവാക്കാൻ ഇറച്ചിമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. പ്ലാന്റ് നിർമാണം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. 2018 മുതൽ 2023 വരെ തിരുവനന്തപുരം വിമാനത്താവളത്തിൽ 124 വിമാനങ്ങളിൽ പക്ഷി ഇടിച്ചെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. എന്നാൽ, പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ഇതിലും ഏറെയാണ്. ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്റെ കണക്കിൽ ഉൾപ്പെടുത്തുന്നത്.
ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസവും വിമാനം റദ്ദാക്കേണ്ടിവന്നിരുന്നു. 150 യാത്രക്കാരുമായി മസ്കറ്റിൽനിന്ന് എത്തിയ വിമാനത്തിലാണ് പരുന്ത് ഇടിച്ചത്. എൻജിനുള്ളിലേക്ക് പരുന്ത് കയറിയതോടെ വിമാനത്തിന് ഉലച്ചിലുണ്ടായെങ്കിലും പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് ദുരന്തമൊഴിവായി. പ്രശ്നം ഗുരുതരമായി മാറിയതോടെയാണ് പക്ഷിയിടി ഒഴിവാക്കാൻ കോർപറേഷൻ നടപടികളിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.