തിരുവനന്തപുരം: ചാലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാര കട ജില്ല മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ, പാത്രങ്ങൾ, സ്പൂണുകൾ തുടങ്ങിയവ ജില്ലയിലെ മറ്റ് ചില്ലറ കച്ചവട സ്ഥാപനങ്ങൾക്ക് വിപണനം ചെയ്യുന്ന വ്യാപാര സ്ഥാപനമാണിത്. 4,362 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും 46,400 തെർമോകോൾ പ്ലേറ്റുകളും പിടിച്ചെടുത്തു.
ഇത് തിരുവനന്തപുരം നഗരസഭക്ക് കൈമാറി. കഴിഞ്ഞ മാസം ഇതേ സ്ഥാപനത്തിലെ ഇറക്കുമതി ലോറിയിൽനിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ആർ.എസ്. മനോജ്, ബബിത എൻ.സി, ഹരികൃഷ്ണൻ, ജിജു കൃഷ്ണൻ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
പാളയം മാർക്കറ്റിലും സ്ക്വാഡ് പരിശോധന നടത്തി. എന്നാൽ, പരിശോധന വിവരം മുൻകൂട്ടി അറിഞ്ഞ വ്യാപാരികൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എത്തുന്നതിനു മുമ്പേ കട പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.