പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കർക്കടക വാവുബലി ബുധനാഴ്ച. ജില്ലയിലെ ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും ബലിതർപ്പണത്തിന് ഒരുങ്ങി. കർക്കടകത്തിലെ അമാവാസി നാളിലാണ് വാവുബലി. മരിച്ചുപോയ പൂർവികർക്ക് ഈ ദിവസം ബലി അർപ്പിച്ചാൽ ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, ശംഖുംമുഖം, വേളി തുടങ്ങിയ പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ തലേദിവസം തന്നെ എത്തും.
ദേവസ്വം ബോർഡ് തിരക്കേറിയ കേന്ദ്രങ്ങളിൽ ആവശ്യത്തിന് മണ്ഡപങ്ങളും കർമങ്ങൾക്ക് കൂടുതൽ പൂജാരിമാരെയും നിയോഗിച്ചിട്ടുണ്ട്. വര്‍ക്കല പാപനാശം കടപ്പുറത്ത് ഒരേ സമയം 300 പേർക്ക് തർപ്പണം നടത്താൻ സൗകര്യമുള്ള പന്തലാണ് ഒരുക്കിയിട്ടുള്ളത്. തിരുവല്ലം ക്ഷേത്രത്തിൽ തർപ്പണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ ബുക്കിങ് ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്പെഷൽ ബസുകൾ കൂടുതലായി സർവിസ് നടത്തും. ബുധനാഴ്ച പുലർച്ചെ രണ്ടു മുതൽ കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകൾ ആരംഭിക്കും. ജില്ലയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ഉൾപ്പെടെ 68 ഓളം ബസുകളാണ് സ്പെഷൽ സർവിസുകൾക്കായി മാറ്റിയിരിക്കുന്നത്.
ജില്ലയിൽ ആറ്റിങ്ങൽ യൂനിറ്റിന് കീഴിൽ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽ നിന്ന് 10 ബസുകളും കണിയാപുരം യൂനിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്ന് നാല് ബസുകളും തിരുവനന്തപുരം സിറ്റി യൂനിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽ നിന്ന് 10 ബസുകളും പാപ്പനംകോട് യൂനിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽ നിന്ന് രണ്ട് ബസുകളും സ്പെഷൽ സർവിസിനായി ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ക്ഷേത്രപരിസരങ്ങളിലും കടവുകളിലും കടൽത്തീരങ്ങളിലും നടക്കുന്ന ബലിതർപ്പണച്ചടങ്ങുകൾക്ക് ജില്ല ശുചിത്വമിഷൻ ഹരിതചട്ടം കർശനമാക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കണം. ബലിതർപ്പണത്തിന് ശേഷം ഉപയോഗിച്ച പൂജ സാമഗ്രികൾ, ഭക്ഷ്യാവശിഷ്ടങ്ങൾ, മറ്റ് മാലിന്യം എന്നിവ നദികളിലോ കടലിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കാതെ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കിയിട്ടുള്ള മാലിന്യശേഖരണ സംവിധാനങ്ങളിൽ നിക്ഷേപിക്കണം.
പൊതുജനങ്ങൾ കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ, ഐസ് കാൻഡി എന്നിവ ഉപയോഗിക്കരുതെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമീഷണർ അറിയിച്ചു. തുറന്നിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങരുത്. തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും എഫ്.എസ്.എസ്.എ.ഐ ലൈസൻസോ/രജിസ്ട്രേഷനോ എടുത്തിരിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യണം.
പ്രതികൂല കാലാവസ്ഥയും മഴ സാധ്യതയും മുൻനിർത്തി പുഴകളിലും നദികളിലും കടലിലും ഇറങ്ങിയുള്ള ബലിതർപ്പണം കർശനമായി നിരോധിച്ചതായി കലക്ടർ അനുകുമാരി അറിയിച്ചു. തർപ്പണ ചടങ്ങുകൾക്കായി കരയിൽ പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്ഫോമുകളോ സുരക്ഷിതമായ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കണം. ദുരന്തനിവാരണ സേനയും ലൈഫ് ഗാർഡുകളും പ്രമുഖ തർപ്പണ കേന്ദ്രങ്ങളിൽ സജ്ജരായിരിക്കുമെന്നും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.