മെഡിക്കൽ കോളജ്: ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടുകൂടി മെഡിക്കൽ കോളജ് പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഒടുവിൽ പൊലീസെത്തി ജനാല ചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോൾ കണ്ടത് ഉറങ്ങുന്ന ഭർത്താവിനെ!. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം മഞ്ചാടി ഭാഗത്താണ് പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാക്കുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. മധ്യവയസ്കരായ ദമ്പതികളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്.
രാവിലെ മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മുറിക്കുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. മദ്യലഹരിയിൽ ആയിരുന്നതിനാൽ ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുമോ എന്നായിരുന്നു ഭാര്യയുടെ സംശയം. വളരെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതിലോ ജനാലകളോ തുറക്കാതായതോടെ ഭാര്യ വിവരം നാട്ടുകാർക്കും പൊലീസിനും കൈമാറി.
മെഡിക്കൽ കോളജ് എസ്.ഐയും സംഘവും സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിച്ചിട്ട് അനക്കം ഉണ്ടായില്ല. ഒടുവിൽ ജനാലയുടെ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചശേഷം അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന ഭർത്താവിനെയാണ്. തുടർന്ന് പൊലീസ് ശബ്ദമുണ്ടാക്കി ഇയാളെ ഉണർത്തി. തുടർന്ന് ഭർത്താവ് കതക് തുറന്നു പുറത്തേക്ക് വരികയായിരുന്നു. താൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്നും ആത്മഹത്യശ്രമം നടത്തിയിട്ടില്ലെന്നും ഭർത്താവ് അറിയിച്ചതോടെയാണ് ഭാര്യക്കും നാട്ടുകാർക്കും സമാധാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.