പൂന്തുറ: കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടയുടമയെ മര്‍ദിച്ച കേസില്‍ മൂന്നംഗ സംഘത്തെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം ചന്നാങ്കര ബ്രിഡ്ജിനു സമീപം സുലൈമാന്‍ (67), പൂന്തുറ ബീമാപളളി സ്വദേശി കലാം (50), പൂന്തുറ ബീമാപളളി സ്വദേശി സിദ്ധിഖ് (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെ ബീമാപളളി മാണിക്കവിളാകം ജവഹര്‍ പളളിക്ക് സമീപത്തായിരുന്നു സംഭവം. മാണിക്യവിളാകം സ്വദേശി നിസാര്‍ (41) ആണ് സംഘത്തിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഞായറാഴ്ച ഉച്ചയോടെ നിസാര്‍ മാണിക്യവിളാകം ജവഹര്‍ പള്ളിക്ക് സമീപത്തുളള തന്റെ സ്റ്റേഷനറിക്കട പൂട്ടിയശേഷം ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയി തിരികെ 4.15 ഓടെ കട തുറക്കാനായി എത്തിയപ്പോള്‍ കടതുറക്കാന്‍ കഴിയാത്ത തരത്തില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. നിസാര്‍ ദേഷ്യത്തില്‍ കാര്‍ തള്ളി മാറ്റാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് കാറിന്റെ ഡോറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ 4.30 ഓടെ തിരികെയെത്തിയ മൂന്നംഗ സംഘം ഇത് ചോദ്യംചെയ്യുകയും വാക്കേറ്റത്തിനൊടുവില്‍ മടങ്ങിപോകുകയുമായിരുന്നു.
എന്നാല്‍ അൽപസമയത്തിനകം മൂന്നുപേരും തിരികെയെത്തി നിസാറിനെ മര്‍ദിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം സ്വദേശി സുലൈമാന്‍ മാണിക്യവിളാകത്ത് ബന്ധുവീട്ടിലെത്തിയതായിരുന്നു. കലാമും സിദ്ധിഖും സുലൈമാനെ യാത്രയാക്കാന്‍ കൂടെവന്നതായിരുന്നു. സംഭവം നടന്നയുടന്‍ നിസാര്‍ വിവരം പൊലീസില്‍ അറിയിക്കുകയും പരാതി നല്‍കുകയും പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.