ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആറരയോടെ അഴിമുഖത്ത് ശക്തമായ കാറ്റിലും തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. പെരുമാതുറ ഒറ്റപന സ്വദേശി സഫീറിന്റെ ഉടമസ്ഥതയിലുള്ള മൈ ഹെർട്ട് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. സഫീറിനെ കൂടാതെ ഒറ്റപ്പന സ്വദേശി റിയാസും വള്ളത്തിലുണ്ടായിരുന്നു. വയറിന് പരിക്കേറ്റ സഫീറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. റിയാസ് സുരക്ഷിതമായി കരക്കെത്തി.
പുലിമുട്ടിൽ കുടുങ്ങി കിടക്കുന്ന വള്ളത്തെ മറ്റൊരു വള്ളമെത്തിച്ച് കെട്ടിവലിച്ച് ഹാർബറിലേക്ക് മാറ്റി. വള്ളത്തിന് സാരമായ കേടുപാടുകളുണ്ടായി. മണൽമൂടി ഹാർബർ അടഞ്ഞതോടെ ഏറെനാളായി മത്സ്യബന്ധനം തടസ്സപ്പെട്ടിരുന്നു. കൃത്യമായ ഡ്രഡ്ജിങ് നടക്കാതെ വന്നത് ഏറെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
അതിനിടയിലുണ്ടായ ശക്തമായ മഴയിൽ മണൽത്തിട്ടയുടെ മുകളിലെ ഭാഗം ഒലിച്ചു പോയതിന് പിന്നാലെയാണ് വീണ്ടും മത്സ്യബന്ധനം പുനരാരംഭിച്ചത്. എന്നാൽ, വേണ്ടത്ര ആഴം ഇല്ലാത്തതാണ് അപകടത്തിനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അപകട സമയത്ത് രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വാർഡൻന്മാരുടെ സഹായം ലഭിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.