എന്.ഡി.എ സ്ഥാനാർഥികളുടെ പ്രചാരണാർഥം കാട്ടാക്കടയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷാക്ക് സ്വീകരണം നല്കിയപ്പോൾ
കാട്ടാക്കട: കേരള വികസനമെന്ന പേരിൽ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്ന പണിയാണ് പിണറായി വിജയൻ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. എൻ.ഡി.എ അധികാരത്തിൽ വന്നാൽ ജില്ലയെ എ.ഐ ഹബ്ബാക്കും. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതും വലതും കൊമ്പുകോർക്കുമ്പോൾ മറ്റു പലയിടങ്ങളിലും അവർ സ്നേഹത്തിലാണ്. കേരളത്തിൽ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ മാറിമാറി കേരളത്തിൽ വന്നിട്ടും ജനങ്ങൾക്കോ കേരളത്തിനോ വേണ്ടി ഒന്നും ചെയ്തില്ല. യു.ഡി.എഫ് ബി.ജെ.പിയെ എതിർക്കുമ്പോൾ അവരുടെ നേതാവായ ശശി തരൂർ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നു. 2009 മുതൽ കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിച്ചു വരികയാണ്. അങ്ങനെ കേരളത്തിൽ ആദ്യമായി ഒരു എം.എൽ.എയും പിന്നീട് ഒരു എം.പിയും ഇപ്പോൾ ഒരു മേയർകൂടി ഉണ്ടായി. ഇതിന്റെ തുടർച്ചയായി കേരളത്തിൽ എൻ.ഡി.എ മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. അഡ്വ. സുരേഷ്, എ.ടി. രമേശ്, മനു, വിഷ്ണുപുരം ചന്ദ്രശേഖരൻ, മുക്കംപാലമൂട് ബിജു, കാട്ടാക്കട രതീഷ്, കാട്ടാക്കട ഹരി, സ്ഥാനാർഥികളായ പി.കെ. കൃഷ്ണദാസ്, ഗിരീഷ് നെയ്യാർ, ചെങ്കൽ രാജശേഖരൻ, വിവേക് ഗോപൻ തുടങ്ങിവയർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.