അമ്പതിന്‍റെ നിറവിൽ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം.. നെയ്യാറ്റിൻകര: ആറുമാസം പിന്നിട്ട നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പിന്നിട്ടത് 50 സുന്ദര യാത്രകൾ. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലൂടെ ആരംഭിച്ച ഉല്ലാസ യാത്രാ പദ്ധതി കൊല്ലത്തെ മൺറോതുരുത്ത്, കുട്ടനാട്ട് ടൂറിസം, വാഗമൺ, മൂന്നാർ, എറണാകുളത്തെ കപ്പൽ യാത്ര തുടങ്ങിയ വൈവിധ്യമായ ട്രിപ്പുകൾ ഏറ്റെടുത്തു. ലഹരിക്കെതിരായ പ്രതിരോധം തീർത്ത് ലഹരി നിർമാർജന സന്ദേശ യാത്ര സംഘടിപ്പിച്ചതും, പുസ്തകദിനത്തിൽ ഉല്ലാസ യാത്രക്കൊപ്പം ഗ്രാമീണ ഗ്രന്ഥശാലകളിലേക്ക് പുസ്തക സംഭാവന കൈമാറിയതും സമൂഹത്തിന്‍റെ കൈയടി നേടി. യാത്രക്കാരുടെ വാട്സ്ആപ് കൂട്ടായ്മകൾ രൂപവത്കരിച്ച് സമൂഹത്തിലെ വിഷയങ്ങളിൽ ഇടപെടുന്നതും ശ്രദ്ധേയമായി. ഡിപ്പോയുടെ വ്യത്യസ്ത പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോ ടൂറിസം പ്രവർത്തനങ്ങൾക്കായി ഡീലക്സ് എയർബസ് നൽകി. സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് എ.സി ബസ് ഉപയോഗിച്ച് ടൂർ നടത്തിയത് നെയ്യാറ്റിൻകര യൂനിറ്റിലാണ്. വിനോദ യാത്രകളിലായി ഇതിനകം 25 ലക്ഷത്തോളം രൂപ ലാഭം ഈ ഇനത്തിൽ ഡിപ്പോക്ക് നേടാനായി. രാമായണ മാസത്തിൽ നാലമ്പല തീർഥാടകർക്കായി നാല് യാത്രകൾ നെയ്യാറ്റിൻകരയിൽനിന്ന് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽനിന്ന് 50ാമത്തെ ഉല്ലാസ യാത്രയിൽ കൊല്ലം അഡ്വഞ്ചർ ക്ലബിൽ വെച്ച് യാത്രക്കാർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. യാത്രക്കാർക്കായി രചനാ മത്സരങ്ങളും ക്വിസ് ഉൾപ്പെടെ മത്സരങ്ങളും സ്ഥിരമായി സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്കായി വിവിധ പ്രഗല്ഭരെ പങ്കെടുപ്പിച്ച് ക്യാമ്പ് ടൂറുകളും ടൂറിസം സെൽ സംഘടിപ്പിക്കാറുണ്ട്. യാത്രക്കാർക്ക് വൻ ഇളവുകളോടെ പാക്കേജ് രൂപത്തിലാണ് യാത്രാ പദ്ധതികൾ. ഓണക്കാലത്ത് ഗവി, വയനാട്, പാലരുവി, തെന്മല ഉൾപ്പെടെ പുതിയ സ്ഥലങ്ങളിലേക്കും അന്തർസംസ്ഥാന ടൂറിസം ഹബുകളായ കന്യാകുമാരി , വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്കും നെയ്യാറ്റിൻകരയിൽനിന്ന് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബ കൂട്ടായ്മകൾ, മഹിള സമാജങ്ങൾ, ക്ലബുകൾ, സ്കൂളുകൾ എന്നിവക്കായി ഗ്രൂപ്പ് ടൂറുകളും ആവശ്യാനുസരണം ടൂറിസം സെൽ ക്രമീകരിക്കുന്നതാണ്. ബജറ്റ് ടൂറിസം സെല്ലിന്‍റെ ഡിപ്പോതല കോഓഡിനേഷൻ കമ്മിറ്റിക്ക് ചെയർമാൻ എസ്. മുഹമ്മദ് ബഷീർ, കോഓഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, കൺവീനർ ടി.ഐ. സതീഷ് കുമാർ , ജോയന്റ് കോഓഡിനേറ്റർമാരായ എസ്.ജി. രാജേഷ്, കെ.എസ്. ജയശങ്കർ എന്നിവരാണ് നേതൃത്വം നൽകുന്നത്. ബജറ്റ് ടൂറിസം സെല്ലിനെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അഭിനന്ദിച്ചു. ബുധനാഴ്ച ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കുന്ന 'അമ്പതിന്‍റെ നിറവിൽ' ചടങ്ങ് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്യും. blpm photo 33 നെയ്യാറ്റിൻകരയിൽനിന്നുള്ള 50ാമത് ഉല്ലാസ യാത്രയിൽ കൊല്ലത്തെ അഡ്വഞ്ചർ ക്ലബിൽ യാത്രക്കാർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.