കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 75 പേർക്ക് പരിക്ക്

അന്തർസംസ്ഥാന പാതയിൽ മടത്തറ മേലേമുക്കിന് സമീപമാണ്​ അപകടം കടയ്ക്കൽ: തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി വേണാട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 75 പേർക്ക് പരിക്കേറ്റു. മടത്തറമേലേ മുക്കിന് സമീപം വളവിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 22 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കൽ താലൂക്ക് ആശുപത്രി, പാലോട് ഗവ. ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കുളത്തൂപ്പുഴക്ക്​ പോവുകയായിരുന്ന കുളത്തൂപ്പുഴ ഡിപ്പോയിലെ ബസും പാറശ്ശാലയിൽ നിന്ന് പാലരുവിയിൽ വിനോദയാത്രക്ക്​ വന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചെങ്കവിള കാരോട് സി.എസ്.ഐ ചർച്ചിൽ നിന്നുള്ളവരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളു​െടയും മുൻവശം പൂർണമായും തകർന്നു. റോഡിൽ നിന്ന് സമീപത്തെ പുരയിടത്തിലേക്ക്​ ഇറങ്ങി നിൽക്കുന്ന നിലയിലാണ് ഇരു ബസുകളും. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കടയ്ക്കലിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി വാതിൽ പൊളിച്ചാണ് ടൂറിസ്റ്റ് വാഹനത്തിലെ ഡ്രൈവറെ പുറത്തെടുത്തത്. ഓട്ടോകളിലും ജീപ്പുകളിലുമായാണ് പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് കെ.എസ്.ആർ.ടി.സി ബസിലും ആംബുലൻസുകളിലുമായി കൂടുതൽ പേരെ ആശുപത്രിയിലെത്തിച്ചു. ആംബുലൻസുകൾ തികയാതെ വന്നതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നും ആംബുലൻസുകൾ വിളിച്ചുവരുത്തിയാണ് സാരമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവസ്ഥലത്ത് വെളിച്ചം കുറവായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.