ഏകീകൃത തദ്ദേശ ഭരണ വകുപ്പ് പ്രാബല്യത്തിൽ; ഈവർഷം മുതൽ ഫെബ്രുവരി 19 തദ്ദേശദിനം

തിരുവനന്തപുരം: തദ്ദേശഭരണവകുപ്പിൽ ഫയൽനീക്കം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട്​ നടപ്പാക്കിയ ത്രിതല സംവിധാനം പ്രാബല്യത്തിൽ. ഏകീകൃത തദ്ദേശ ഭരണ വകുപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ഈവർഷം മുതൽ ഫെബ്രുവരി 19 തദ്ദേശദിനമായി മാറും. പഞ്ചായത്ത്, നഗര-ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനീയറിങ്​ വകുപ്പുകളാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ അർബൻ, ഡയറക്ടർ റൂറൽ, ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ, അഡീഷനൽ, ഡയറക്ടർമാർ, ജോയന്‍റ്​ ഡയറക്ടർമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ല ഓഫിസുകൾ ജോയന്‍റ്​ ഡയറക്ടർമാർക്ക് കീഴിലാകും. ഓപറേറ്റർ, വെരിഫയർ, അപ്രൂവർ അല്ലെങ്കിൽ ഡിസിഷൻ മേക്കർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ മൂന്നുതലങ്ങളായി തിരിച്ച് ചുമതല നൽകുകയാണ്​ ത്രിതല സംവിധാനം. അഞ്ച്​ വകുപ്പുകളെ ഏകീകരിച്ച് തദ്ദേശ പൊതുസർവിസ് നടപ്പാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സംസ്ഥാന, ജില്ല തല ഓഫിസുകളുടെ പ്രവർത്തന മാർഗരേഖയുടെ കരടിൽ ഫയൽ നീക്കം എപ്രകാരമാകണം എന്നത്​ സംബന്ധിച്ച് നടപടിക്രമങ്ങൾ വിശദീകരിക്കുന്നുണ്ട്​. പുതിയ സംവിധാനത്തിൽ ഫ്രണ്ട് ഓഫിസിൽ അപേക്ഷ തപാലിൽ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന്​ പേർക്കുള്ളിൽ ഫയലിൽ തീർപ്പുണ്ടാക്കും. ഫ്രണ്ട് ഓഫിസിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഓപറേറ്ററായും മേൽനോട്ട ചുമതയുള്ളയാൾ വെരി​െഫയറായും പ്രവർത്തിക്കും. തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനാണ് അപ്രൂവർ അല്ലെങ്കിൽ ഡിസിഷൻ മേക്കർ. സർക്കാറിന്‍റെ നയപരമായ തീരുമാനവും പ്രത്യേക സാങ്കേതികാനുമതിയും ആവശ്യമില്ലാത്ത എല്ലാ ഫയലുകളും ഇത്തരത്തിൽ തീർപ്പാക്കാം. അതേസമയം പ്രധാന കടമ്പയായ സ്‌പെഷൽ റൂൾ തയാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്​. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.