ജോലിഭാരം വർധിപ്പിച്ച ഉത്തരവ്​; 1500ൽപരം കോളജ്​ അധ്യാപക തസ്തിക ഇല്ലാതാകുമെന്ന്​ സർക്കാർ സമിതി റിപ്പോർട്ട്​

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്​സ്​ ആൻഡ്​​ സയൻസ്​ കോളജുകളിൽ പി.ജി അധ്യാപനത്തിനുള്ള വെയ്​റ്റേജും സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ നിയമനത്തിന്​ 16 മണിക്കൂർ ജോലിഭാരവും നിർബന്ധമാക്കിയ സർക്കാർ ഉത്തരവിലൂടെ 1500ൽപരം കോളജ്​ അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന്​ സർക്കാർ നിയോഗിച്ച വിദഗ്​ധ സമിതിയുടെ കണ്ടെത്തൽ. ഇതിന്​ ആധാരമായ 2020 ഏപ്രിൽ ഒന്നിലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണമെന്നും കോളജ്​ വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി.കെ. സതീഷിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നരമണിക്കൂറായി പരിഗണിച്ചുള്ള വെയ്​റ്റേജ്​ പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഗുണനിലവാരത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ​ പി.ജി വെയ്​റ്റേജ്​ ഇല്ലാതായതോടെ മാത്രം കോളജുകളിൽ 1100ഓളം അധ്യാപക തസ്തികകൾ ഇല്ലാതാകും. ഈ തൊഴിൽ നഷ്ടം നിലവിലുള്ള പി.ജി/ ഗവേഷക വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. ഇത്​ മികച്ച അധ്യാപകരെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലഭ്യമാക്കുന്നതിന്​ തടസ്സമാകും. 16 മണിക്കൂറിൽ കുറവ്​ ജോലിഭാരമുള്ള സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ സ്ഥിരം തസ്തിക ഇല്ലാതാക്കുന്നത്​ 250ന്​ മുകളിൽ തസ്തിക നഷ്ടത്തിന്​ വഴിവെക്കും. അധിക തസ്തികക്ക് ​16 മണിക്കൂർ നിബന്ധന നിർബന്ധമാക്കുന്നതോടെ 300ൽപരം തസ്തികകൾ ഇല്ലാതാകും. 2020 ഏപ്രിൽ ഒന്നിലെ ഉത്തരവ്​ സ്ഥിരം അധ്യാപകരുടെ എണ്ണം കുറക്കാനും ഗെസ്റ്റ്​ അധ്യാപകരുടെ എണ്ണം വർധിക്കാനും ഇടയാക്കും. ഇത്​ അധ്യാപനത്തി​ന്‍റെ ഗുണനിലവാരത്തെ ബാധിക്കും. പ്രത്യാഘാതങ്ങൾ പരിഗണിച്ച്​ പി.ജി വെയ്​റ്റേജ്​ പുനഃസ്ഥാപിക്കണമെന്നും ആറ്​ മണിക്കൂർ ജോലിഭാരം ഉണ്ടെങ്കിൽ സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ സ്ഥിരം തസ്തിക അനുവദിക്കണമെന്നും സമിതി റി​പ്പോർട്ടിൽ പറയുന്നു. കുറഞ്ഞത്​ ഒമ്പത്​ മണിക്കൂർ ജോലിഭാരത്തിന്​ അധിക തസ്തിക അനുവദിക്കണം. ജോലിഭാരം നോക്കാതെ അധ്യാപകർക്ക്​ നിയമപ്രകാരം അവകാശപ്പെട്ട സ്ഥലം മാറ്റം അനുവദനീയമാക്കി ഉത്തരവ്​ ഭേദഗതി ചെയ്യണം. 16 മണിക്കൂറിൽ താഴെ ജോലിഭാരമുള്ള തസ്തികകളിലെ അധ്യാപകരെ റിലീവ്​ ചെയ്താൽ തസ്തിക ഇല്ലാതാകുമെന്ന ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കണം. എയ്​ഡഡ്​ കോളജ്​ ​പ്രിൻസിപ്പൽമാരുടെ അഞ്ച്​ മണിക്കൂർ അധ്യാപന ജോലിഭാരം ഒഴിവാക്കണം. യു.ജി.സി റെഗുലേഷനിൽ പറയുന്നതുപോലെ അസോസിയേറ്റ്​ പ്രഫസർ / പ്രഫസർ തസ്തികകളിലെ അധ്യാപന ജോലിഭാരം 14 മണിക്കൂർ എന്ന്​ പുതുക്കി നിശ്ചയിക്കണം. 2020 മേയ്​ 31ന്​ മുമ്പ്​ വിജ്ഞാപനം ചെയ്യുകയും ഈ തീയതിക്കുശേഷം നടന്ന നിയമനങ്ങൾക്ക്​ അംഗീകാരം നൽകണമെന്നും റിപ്പോർട്ടിലുണ്ട്​. കേരള വർമ കോളജ്​ മുൻ പ്രിൻസിപ്പൽ പ്രഫ. കെ.എസ്.​ ജയചന്ദ്രൻ, കാഞ്ഞിരപ്പള്ളി സെന്‍റ്​ ഡൊമിനിക്​സ്​ കോളജ്​ മുൻ അസോ. പ്രഫസർ ഡോ.കെ.പി. സുകുമാരൻ നായർ എന്നിവർ അംഗങ്ങളായ സമിതിയുടെ റിപ്പോർട്ട്​ ഉടൻ സർക്കാറിന്​ സമർപ്പിക്കും. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.