സിൽവർ ​ലൈനിൽ ബദൽ സംവാദം; സർക്കാറിനും കെ-റെയിലിനും ക്ഷണം

തിരുവനന്തപുരം: സിൽവർ ലൈനിലെ കെ-റെയിൽ സംവാദത്തിന്​ ബദലായി സമാന്തര സംവാദവുമായി ജനകീയ പ്രതിരോധ സമിതി. സർക്കാർ ഒഴിവാക്കിയ ജോസഫ്​ സി. മാത്യുവിനെയടക്കം പ​ങ്കെടുപ്പിച്ച്​​ മേയ്​ നാലിന്​ തലസ്ഥാനത്താണ്​ പകൽമുഴുവൻ നീളുന്ന സംവാദത്തിന്​ വേദിയൊരുങ്ങുന്നത്​. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ്​ സെ​ക്രട്ടറി വി.പി. ജോയി, മുൻ ധനമന്ത്രി തോമസ്​ ഐസക്, കെ-റെയിൽ എം.ഡി അജിത്​കുമാർ, സിസ്​​ട്ര​ എന്നിവ​രെ സംവാദത്തിലേക്ക്​ ക്ഷണിച്ച്​ കത്ത്​ നൽകും. സർക്കാർ സംവാദത്തിൽനിന്ന്​ പിന്മാറിയ അലോക്​കുമാർ വർമ, ശ്രീധർ രാധാകൃഷ്ണൻ എന്നിവർക്ക്​ പുറമേ, ആർ.വി.ജി മേനോൻ, കെ.പി. കണ്ണൻ എന്നിവരും പ​ങ്കെടുക്കും. റെയിൽ വിദഗ്​ധൻ എന്നനിലയിൽ ഇ. ശ്രീധരനെയും ക്ഷണിച്ചേക്കും. സർക്കാർ സംവാദത്തിൽ ശ്രീധരനെ ഒഴിവാക്കിയത്​ ശരിയായില്ലെന്ന്​ ആർ.വി.ജി അടക്കം വ്യക്തമാക്കിരിക്കുന്നു. 'ബദൽ ജനകീയ സംവാദസദസ്സ്​' എന്നാണ്​ ചർച്ചക്ക്​ പേര്​​. വേദി പിന്നീട്​ തീരുമാനിക്കും. അലോക്​ വർമയും ശ്രീധർ രാധാകൃഷ്​ണനും പിന്മാറിയതിനെ 'സംവാദത്തിൽനിന്ന്​ പേടിച്ച്​ ഒളിച്ചോടി' എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയാണ്​ ബദൽ സംവാദ പരിപാടി. എങ്ങനെയാണ്​ ജനാധിപത്യപരമായ സംവാദം നടത്തേണ്ടതെന്ന്​ കാണിച്ചുകൊടുക്കാൻ കൂടിയാണ്​ ഇത്തരമൊന്ന്​ സംഘടിപ്പിക്കുന്നതെന്ന്​ സംഘാടകർ വ്യക്തമാക്കുന്നു. സർക്കാർ സംവാദത്തിൽ 50 ​പേരെയാണ്​ ​​ശ്രോതാക്കളായി ക്ഷണിച്ചത്​. അതിഥികൾക്കുതന്നെ 10 മിനിട്ടേ സംസാരിക്കാൻ സമയമുള്ളൂ. ഇതിനു​ പകരം സമയനിയന്ത്രണമില്ലാ​തെ സംസാരിക്കാൻ അവസരം നൽകും വിധമാണ്​ ക്രമീകരണം. കെ-റെയിൽ പ്രതിനിധികൾക്ക്​ നിലപാടുകൾ തടസ്സമോ സമയപരിമിതിയോ ഇല്ലാതെ സംസാരിക്കാം. ഓപൺ ഫോറത്തിന്‍റെ സ്വഭാവം കൂടിയുള്ളതിനാൽ​ ശ്രോതാക്കൾക്കും ചർച്ചയിൽ പ​ങ്കെടുക്കാമെന്ന്​ ജനറൽ സെ​ക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.