ബാലരാമപുരം ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ കിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങള്‍

ബാലരാമപുരം: ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡിന്‍റെ തുടക്കം മുതല്‍ നിലച്ച കിടത്തി ചികിത്സ പുനരാരംഭിക്കാതെ പോകുന്നതിനെതിരെ പരക്കെ ആക്ഷേപം. ദിനവും 250 ലേറെ പേര്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നു. പലർക്കും കിടത്തി ചികിത്സ ആവശ്യമുള്ളപ്പോഴും സമീപത്തെ ആശുപത്രിയിലേക്ക് അയക്കുന്നതാണ് പതിവ്. പതിനഞ്ചിലേറെ കിടക്കകളുള്ള ഫാമിലി ഹെല്‍ത്ത് സെന്‍ററിനെ നിരവധി പേരാണ് ആശ്രയിച്ചിരുന്നത്. കിടത്തി ചികിത്സ നിലച്ചതോടെ പ്രദേശത്തെ സ്വകാര്യ ആശുപത്രികളുടെ കൊള്ള നടക്കുന്നതായും ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ നിരവധി പേരാണ് ചികിത്സ തേടിയെത്തിയിരുന്നത്. ആറ് ഡോക്ടര്‍മാര്‍ ജോലി നോക്കിയിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ അഞ്ച് ഡോക്ടര്‍മാരുണ്ടെങ്കിലും കിടത്തി ചികിത്സ ആരംഭിക്കുന്നില്ല. ഫാര്‍മസിസ്റ്റിന്‍റെ കുറവാണ് കാരണമായി പറയുന്നത്. ബാലരാമപുരം പഞ്ചായത്തിന് കീഴില്‍ 1980ല്‍ ബാലരാമപുരം വിഴിഞ്ഞം റോഡില്‍ പഴയ പഞ്ചായത്ത് ഓഫിസില്‍ രണ്ട് മുറികളുമായി പ്രവര്‍ത്തനമാരംഭിച്ച ആരോഗ്യകേന്ദ്രം നാട്ടിലെ ആയിരക്കണക്കിന് പേര്‍ക്ക് ഉപയോഗപ്രദമായിരുന്നു. ചികിത്സതേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ 1986ല്‍ പുതിയ കെട്ടിടത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. രോഗികളുടെ എണ്ണത്തിലെ വർധന കാരണം 1998 ലാണ്​ കിടത്തി ചികിത്സാ വിഭാഗം ആരംഭിച്ചത്. family helth centre blpm ചിത്രം ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.