തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാൻ തിങ്കളാഴ്ച മുതൽ അദാലത്. കോർപറേഷൻ, ജില്ല, പഞ്ചായത്ത്/മുനിസിപ്പൽ ഡയറക്ടറേറ്റ് തലങ്ങളിൽ ഇത്തരം പരാതികൾ പരിഹരിക്കാൻ അധികാരമുള്ള സമിതികൾ രൂപവത്കരിച്ചു. കെട്ടിട നിർമാണ ചട്ടലംഘനം സംബന്ധിച്ച കേസുകളിൽ നിയമപരമായി അനുവദനീയമെങ്കിൽ 20 ശതമാനം വരെ ഇളവുകൾ നൽകാവുന്ന നടപടികളാകും ഇതിൽ പ്രധാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭകളിൽ ചെയർപേഴ്സൻ, കോർപറേഷനുകളിൽ മേയർ എന്നിവരാണ് സമിതിയിലെ ആദ്യ അംഗം. വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ സെക്രട്ടറി കൺവീനറാണ്. കൂടാതെ അസി. എൻജിനീയറും സമിതിയിലുണ്ട്. ഈ മൂന്നുപേർ അടങ്ങുന്നതാണ് തദ്ദേശസ്ഥാപന തലത്തിലെ അധികാരസമിതി. ജില്ല തല സമിതിയിൽ ജില്ല ആസൂത്രണ സമിതി അധ്യക്ഷൻ ചെയർമാനും ജോയന്‍റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല ടൗൺ പ്ലാനർ എന്നിവർ അംഗങ്ങളുമാണ്. പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ (അർബൻ), ഡയറക്ടർ (റൂറൽ), ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ എന്നിവരാണ് ഡയറക്ടറേറ്റ് തലത്തിലെ സമിതിയിൽ. കെട്ടിടനിർമാണ പെർമിറ്റിനായി മാത്രം 1.67 ലക്ഷം അപേക്ഷകൾ ഇനി തീർപ്പാക്കാനുണ്ടെന്നാണ് കണക്ക്. ക്ഷേമ പെൻഷൻ, തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള മറ്റ് സേവനങ്ങൾ സംബന്ധിച്ച അപേക്ഷകളും അദാലത്തുകളിൽ പരിഹരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത്/നഗരസഭകളിലും തദ്ദേശ വകുപ്പിൻെറ പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയും ജനുവരി 31 വരെ സ്വീകരിച്ചതും തീർപ്പാക്കാൻ ബാക്കിയായതുമായ മുഴുവൻ ഫയലുകളിലും ഏപ്രിൽ 30ന് മുമ്പ് പരിഹാരമാണ് ലക്ഷ്യം. ഓഫിസിൽ തീർപ്പാക്കേണ്ടതും മറ്റൊരു ഓഫിസിലേക്ക് റിപ്പോർട്ട് നൽകേണ്ടതും എന്നിങ്ങനെ രണ്ടായി ഫയലുകളെ തിരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മന്ത്രി എം.വി. ഗോവിന്ദൻ വിവിധ ജില്ലകളിൽ നടത്തിയ 'നവകേരള തദ്ദേശകം 2022' പരിപാടിയുടെ തുടർച്ചയായാണ് ഫയൽ തീർപ്പാക്കൽ അദാലത്. തദ്ദേശ സ്ഥാപന തലത്തിൽ ഏപ്രിൽ 21, ജില്ല തലത്തിൽ 23, ഡയറക്ടറേറ്റ് തലത്തിൽ 28, സർക്കാർ തലത്തിൽ 30 എന്നിങ്ങനെയാണ് ഫയൽ തീർപ്പാക്കേണ്ട അവസാന തീയതി. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.