ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. 16ാം പ്രതി ആറ്റിങ്ങൽ സ്വദേശി സനിലാണ്​ കേസ്​ പരിഗണിക്കു​ന്ന തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്​. തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ്​ കേസുകളിൽ സനിൽ പ്രതിയാണ്. അന്തിമ ഘട്ടത്തിൽ നിൽക്കുന്ന കേസിന്‍റെ വിചാരണക്ക്​ പ്രതി കീഴടങ്ങിയത്​ സഹായകമാകും. നേരിട്ട്​ കീഴടങ്ങിയ ഇയാളെ കോടതി ഏപ്രിൽ 25 വരെ റിമാൻഡ്​ ചെയ്‌തു. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം. ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലുള്ള സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 ശതമാനം വരെ നിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളർച്ചനിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, കാൻവാസിങ്​ ഏജന്‍റുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ തുടങ്ങി 19 പേരാണ് പ്രതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.