ആർട്ടിഫിഷ്യൽ ലിംബ്​ ഫിറ്റിങ്​ സെന്‍റർ എല്ലാ മെഡിക്കൽ കോളജുകളിലും വേണമെന്ന്​ ആവശ്യം

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ലിംബ്​ ഫിറ്റിങ്​ സെന്‍ററുകളുടെ പ്രവർത്തനം എല്ലാ മെഡിക്കൽ കോളജു കൾക്ക്​ കീഴിലും വേണമെന്ന ആവശ്യം ശക്തമാകുന്നു. ജന്മനാലോ, രോഗം, അപകടം എന്നിവ മൂലമോ ഉണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കുന്നതിന്​ സഹായകരമായ ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന സെന്‍ററുകളാണിവ. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്​ മെഡിക്കൽ കോളജുകളിലൊഴികെ മറ്റൊ രിടത്തും ആർട്ടിഫിഷ്യൽ ലിംബ് സൻെററുകൾ ഇപ്പോഴില്ല. അതിനാൽ കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക്​ ആശ്രയിക്കുന്നത്​ ഈ മൂന്ന്​ സെന്‍ററുകളെയാണ്​. നൂറുകണക്കിന്​ ആളുകളാണ്​ ഈ സെന്‍ററുകളിൽ കൃത്രിമ ഉപകരണങ്ങൾക്കായി രജിസ്റ്റർ ചെയ്ത്​ കാത്തിരിക്കുന്നത്​. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സ്ഥിരംജീവനക്കാരും പ്രവർത്തനക്ഷമവുമായ സെന്‍ററുകളുണ്ട്. മഞ്ചേരി മെഡിക്കൽകോളജിൽ രണ്ടുജീവനക്കാർ പി.എസ്.സി വഴി നിയമിക്കപ്പെട്ടുവെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല. എന്നാൽ, എല്ലാ സൗകര്യങ്ങളുമുള്ള തൃശൂർ മെഡിക്കൽ കോളജിലെ സെന്‍ററിൽ പി.എസ്.സിവഴി സ്ഥിരനിയമനവും ആയിട്ടില്ല. നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം വാർഷിക വരുമാനം 25,000 രൂപവരെയുള്ളവർക്ക് തികച്ചും സൗജന്യമാണ്​ ഇവിടത്തെ ചികിത്സ. വരുമാനം കൂടുതലുള്ളവർ സാധനങ്ങളുടെ പണം അടക്കണം. സ്വകാര്യസ്ഥാപനങ്ങളിലാണെങ്കിൽ പതിന്മടങ്ങ്​ ചെലവാണ് ഇതിന്​​. പ്രോസ്​തെറ്റിക് ഓർത്തോട്ടിക് ടെക്​നീഷ്യന്‍റെ അംഗീകൃത കോഴ്​സുകൾ പഠിച്ചിറങ്ങി പരിശീനംനേടിയവരാണ്​ ഇവിടെ പ്രവർത്തിക്കുന്നത്​. ഉപകരണങ്ങൾ നിർമിച്ച്​, അത്​ ആവശ്യക്കാരിൽ ഘടിപ്പിക്കുകയും തുടർന്ന്​ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടാനുള്ള പരിശീലനവും നൽകി​ വിടുന്നതാണ്​ ഇവരുടെ ജോലി. ജീവനക്കാരുടെ എണ്ണം കൂട്ടാതെ നിലവിലുള്ള ജീവനക്കാരുടെ പുനർവിന്യാസം വഴി ഓരോമെഡിക്കൽ കോളജുകളിലും പ്രോസ്​തെറ്റിക് ഓർത്തോട്ടിക് ടെക്നീഷ്യന്മാരുടെ സേവനവും ഒപ്പം സെന്‍ററുകളും ആരംഭിക്കാമെന്ന ആവശ്യവും ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.