അമ്പലത്തറ: നോമ്പുതുറക്ക് വിഭവങ്ങളൊരുക്കാന്‍ വീട്ടടുക്കളകള്‍ സജീവമായിരുന്ന കാലം ഓർമയായി. ഫോണ്‍വിളിച്ചോ മെസേജ് അയച്ചോ വീട്ടുമുറ്റത്ത് ഇഷ്ടവിഭവങ്ങള്‍ ചൂടോടെ എത്തുന്ന കാലത്ത് അടുക്കളക്ക് എന്ത് പ്രസക്തി. ആവശ്യവെങ്കില്‍ അത്താഴവും വീട്ടിലെത്തുന്ന തരത്തില്‍ പുതുതലമുറയില്‍ കാര്യങ്ങൾ ഹൈടെക്കായി. ഇതരസ്ഥലങ്ങളില്‍നിന്ന് നഗരത്തില്‍ വന്ന് താമസിക്കുന്നവരിൽ അധികവും ഇത്തരം സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. നഗരത്തില്‍ നോമ്പുതുറ വിഭങ്ങളുടെ സ്പെഷല്‍ പാക്കേജുകളുമായി ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും സജീവമാണ്. നോമ്പുതുറക്ക് ഒരുമണിക്കൂർ മുമ്പ് വിഭവങ്ങള്‍ വീടുകളില്‍ എത്തിക്കും. വൈവിധ്യമാര്‍ന്ന മലബാർ വിഭവങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. മലബാര്‍ മേഖലകളില്‍നിന്ന് എത്തി തലസ്ഥാന നഗരത്തില്‍ വീടുകള്‍ വാടകക്കെടുത്ത് വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന സംഘങ്ങൾ ധാരാളമുണ്ട്. ഇവിടങ്ങളില്‍ നേരിട്ട് എത്തിയാല്‍ വിലകുറച്ച് കിട്ടും. നോമ്പ്തുറക്ക് പള്ളികളിലും മാറ്റം പ്രകടമാണ്. മുമ്പ് കാരക്കയും പച്ചവെള്ളവും മണ്‍ചട്ടിയിലെ നോമ്പുകഞ്ഞിയും അരിപത്തിരി, ഒറട്ടി, ഇടിയപ്പം, അപ്പം, സമോസ, ഇലയട തുടങ്ങിയവയായിരുന്നു തെക്കൻ കേരളത്തിലെ വിഭവങ്ങള്‍. എന്നാല്‍, ഇപ്പോൾ വിദേശ ഈത്തപ്പഴങ്ങളും പഴവർഗങ്ങളും മുതല്‍ അറേബ്യന്‍, ചൈനീസ് ഭക്ഷണ വിഭവങ്ങള്‍ വരെയാണ് നോമ്പ്തുറക്ക് എത്തുന്നത്. ഉന്നക്കാ, കിളിക്കൂട്, കോഴിയട, പഴംനിറച്ചത്, മുട്ടമസാല, മുട്ടസുര്‍ക്ക, ഇറച്ചിപത്തിരി തുടങ്ങിയവയും ഒരു ഫോണ്‍കോളില്‍ വീട്ടുമുറ്റത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.