മരണമുഖത്തുനിന്ന്​ ഗർഭിണിയെ രക്ഷിച്ച് കിംസ്​ ഹെൽത്തിലെ എക്മോ ചികിത്സ

തിരുവനന്തപുരം: ഗർഭിണികളായ സ്​ത്രീകളിൽ അപൂർവവും മരണസാധ്യയുള്ളതുമായ അംനിയോട്ടിക് ഫ്ലൂയിഡ് എമ്പോളിസത്തിൽ നിന്ന്​ യുവതിയെ രക്ഷിച്ച് കിംസ്​ഹെൽത്തിലെ എക്സ്​ട്രാ കോർപോറിയൽ മെബ്രേയിൻ ഓക്സിജനേഷൻ (എക്മോ) ചികിത്സാ സംവിധാനം. പ്രസവവേദനക്കിടെ രണ്ടു തവണ ഹൃദയസ്​തംഭനമുണ്ടായ യുവതിക്കാണ് എക്മോ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചത്. ശ്വാസകോശത്തിന്‍റെയോ ഹൃദയത്തിന്‍റെയോ സഹായമില്ലാതെ രക്തം ശരീരത്തിനു പുറത്തേക്കെത്തിച്ച് എക്മോയുടെ സഹായത്തോടെ ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്ക് കയറ്റുന്ന ചികിത്സാരീതിയാണിത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്കാണ് പെട്ടെന്ന്​ ഹൃദയസ്​തംഭനമുണ്ടായത്. ഗർഭസ്ഥ ശിശുവിനെ ചുറ്റിക്കിടക്കുന്ന അംനിയോട്ടിക് ദ്രാവകം അമ്മയുടെ രക്തത്തിൽ കലർന്ന് ധമനികളിൽ തടസ്സമുണ്ടാകുന്ന രോഗാവസ്ഥയും ഇവർക്കുണ്ടായി. ആദ്യ ഹൃദയസ്​തംഭനത്തിൽനിന്ന്​ തിരിച്ചുവരാൻ സാധിച്ചെങ്കിലും തുടർസ്​തംഭനം ഉണ്ടാകുമോയെന്ന ആശങ്ക നിമിത്തം കിംസിൽ രോഗിയെ എത്തിക്കുകയായിരുന്നു. ആദ്യ ഹൃദയസ്​തംഭനത്തിനുശേഷം ഗർഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കിംസിൽ ​എത്തിച്ച യുവതിക്ക് വീണ്ടും ഹൃദയസ്​തംഭനമുണ്ടായി. രക്തത്തിലെ ഓക്സിജ‍ന്‍റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിൽ എക്മോ യന്ത്രത്തിന്‍റെ സഹായം തേടുകയായിരുന്നു. ആറു ദിവസത്തിനുശേഷം ഹൃദയവും ശ്വാസകോശവും സാധാരണ രീതിയിലായി. കാർഡിയാക്-തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. ഷാജി പാലങ്ങാടൻ , ഗൈനക്കോളജി ആൻഡ്​ ഒബ്സ്​റ്റെട്രിക്സ്​ വിഭാഗം കൺസൽട്ടന്‍റ് ഡോ. സജിത് മോഹൻ. ആർ, ഗൈനക്കോളജി ആൻഡ്​ ഒബ്സ്​റ്റെട്രിക്സ്​ ​ വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. രാധാമണി.ഡി, കാർഡിയോ-തൊറാസിക് അനസ്​തേഷ്യ വിഭാഗം കൺസൽട്ടന്‍റ് ഡോ. സുഭാഷ്, അനസ്​തേഷ്യ വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ ചികിത്സാപ്രക്രിയയിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.