സുമേഷിനെ വകവരുത്തിയത് ബൈക്ക് കാറിലിടിച്ചതിന്

തിരുവനന്തപുരം: കൊലക്കേസ് പ്രതി സുമേഷിനെ (28) നഗരമധ്യത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. പാങ്ങോട് ഷൈമ മൻസിലിൽ നിഹാസ് (27), പാങ്ങോട് കുട്ടത്തികരിക്കം ക്ഷേത്രം പൂവക്കോട് വീട്ടിൽ റജി (28), മാറനല്ലൂർ അരുമാളൂർ മുസ്​ലിം പള്ളിക്ക് സമീപം കടയറവിള പുത്തൻവീട്ടിൽ ഷമീം (24) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിന്​ മൂവരെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചയാണ് കാരാളി അനൂപ് വധക്കേസിലെ പ്രതി കുങ്കൻ എന്ന സുമേഷിനെ നിഹാസും സംഘവും കാറിടിച്ച് കൊലപ്പെടുത്തിയത്. ഈഞ്ചക്കലിലെ കിങ്സ് വേ ഹോട്ടലിലെ പാർക്കിങ്ങിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കേസിലെ രണ്ടാം പ്രതിയായ റജിയുടെ ഭാര്യയെ നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റജിക്കൊപ്പമാണ് നിഹാസും ഷമീമും നഗരത്തിൽ എത്തുന്നത്. ബുധനാഴ്ച രാത്രി 11.45 ഓടെ ഹോട്ടലിൽനിന്ന് പുറത്തിറങ്ങവെ പാർക്കിങ് ‍ഏരിയയിൽ സുമേഷിന്‍റെ ബൈക്ക് നിഹാസിന്‍റെ കാറിൽ ഇടിച്ചു. ഇതിനെതുടർന്ന് സുമേഷും സുഹൃത്ത് സൂരജുമായി നിഹാസും സംഘവും വാക്കുതർക്കവും കൈയാങ്കളിയും നടന്നു. ഹോട്ടലിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. എന്നാൽ, പിന്തിരിയാൻ നിഹാസും സംഘവും തയാറായില്ല. കാറിനകത്ത് സുമേഷിനെയും സൂരജിനെയും കാത്തിരുന്ന മൂവരും വ്യാഴാഴ്ച പുലർച്ച 12.30ഓടെ ഹോട്ടലിൽനിന്ന് ബൈക്കിൽ പുറത്തിറങ്ങിയ സുമേഷിനെയും സൂരജിനെയും പിറകിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിഹാസാണ് കാർ ഓടിച്ചിരുന്നത്. സുമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആദ്യം അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. വാഹനം മുന്നോട്ടുപോകാനാകാത്ത സ്ഥിതി എത്തിയതോടെ അട്ടക്കുളങ്ങര ഭാഗത്ത് കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പൊലീസിന്‍റെ പിടിയിലായത്. 2014ല്‍ കാരാളി അനൂപ് എന്ന ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. ഗുണ്ടാലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, അനൂപ്​ വധക്കേസുമായി നിലവിലെ കൊലപാതകത്തിന് ബന്ധമില്ലെന്ന് ശംഖുംമുഖം എ.സി പൃഥിരാജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.