സർവേ കല്ലുകൾ സ്ഥാപിക്കാൻ കരാറെടുത്ത കമ്പനി പിന്മാറി; ഒഴിവാക്കിയതെന്ന്​ കെ-റെയിൽ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സർവേ കല്ലുകൾ നൽകാനും സ്ഥാപിക്കാനും കരാറെടുത്ത കമ്പനി പിന്മാറി. സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധത്തെ തുടർന്ന്​ കല്ലുകൾ സ്ഥാപിക്കുന്നത്​ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതി‍ൻെറ അടിസ്ഥാനത്തിലാണ്​ കമ്പനിയുടെ പിന്മാറ്റമെന്നാണ്​ വിവരം. കെ-റെയിലി‍ൻെറ കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ കല്ല് സ്ഥാപിക്കാനാണ് ചെന്നൈ വേളാച്ചേരിയിലെ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്​ കരാര്‍ നൽകിയത്​. ഹൈവേകളുടെയും വമ്പന്‍ പാലങ്ങളുടെയും ജിയോടെക്നിക്കല്‍ സേവനങ്ങള്‍ ചെയ്യുന്ന കമ്പനിയാണിത്. കോട്ടയം മുതല്‍ എറണാകുളം വരെ ഭാഗത്ത്​ കല്ലിടാൻ മാത്രം 41,27,834 രൂപക്കായിരുന്നു കരാര്‍. ഈ ഭാഗത്ത് 4202 കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കേണ്ടിയിരുന്നു. കഴിഞ്ഞ മേയിലാണ്​ കമ്പനിയും കെ-റെയിലും കരാറിലെത്തിയത്. ആറുമാസത്തിനകം ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. സര്‍വേ നടക്കുന്ന മേഖലകളില്‍ ജനരോഷം ശക്തമായതോടെ കല്ലിടാന്‍ കഴിയില്ലെന്ന്​ കമ്പനിക്ക്​ ബോധ്യമായതായാണ്​ വിവരം. സാമ്പത്തിക പ്രതിസന്ധികൂടി ആയതോടെ കരാറില്‍നിന്ന്​ പിന്‍മാറുന്നതായി കാണിച്ച് കെ-റെയിലിന്​ കമ്പനി കത്ത്​ നൽകിയെന്നാണ്​ അറിയുന്നത്​. എന്നാല്‍, പ്രകടനം മോശമായതിനാലും അനുവദിച്ച സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാലും കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്ന വിശദീകരണമാണ്​ കെ-റെയിൽ അധികൃതർ നൽകുന്നത്​. നിശ്​ചയിച്ചിരുന്ന കമ്പനി പിന്മാറിയ സാഹചര്യത്തിൽ പുതിയ കമ്പനിയെ തേടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ്​ വിവരം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.