തിരിച്ചുവരവിൽ ടെക്​സ്​റ്റൈൽ മേഖല

E Basheer ebasheermdm@gmail.com ജനജീവിതത്തെ പിടിച്ചുകെട്ടിയ കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞതോടെ തിരിച്ചുവരവിലാണ് ടെക്​സ്​റ്റൈൽ മേഖല. നിയന്ത്രണങ്ങൾ നീങ്ങിയതോടെ വൻകിടക്കാർക്കും ചെറുകിടക്കാർക്കും ഒരുപോലെ കച്ചവടം ഉയർന്നു. വിഷുവും ഈസ്റ്ററും വരാനിരിക്കുന്നതിനാൽ വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ. പിന്നാലെ, സ്കൂൾ വിപണിയുമെത്തും. ബംഗളൂരു, തിരുപ്പൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് വസ്ത്രശേഖരമെത്തുന്നത്. വ്യാപാരികൾ നേരിട്ട് പോയി ഡിസൈനും മറ്റും സെലക്ട്​ ചെയ്ത് നൽകുന്ന രീതിയുമുണ്ട്. പ്രതിസന്ധികൾ മാറിയതോടെ തുണിത്തരങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വ്യാപകമായി എത്തിക്കുന്നു. ‌ ലോക്​ഡൗണിൽ ജനം വീടിനുള്ളിലായതോടെ വീട്ടിൽ ഉപയോഗിക്കുന്ന വസ്‌ത്രങ്ങൾക്കായിരുന്നു‌ ഡിമാൻഡ്‌‌‌. നൈറ്റി, പൈജാമ, ബനിയൻ, ടോപ്​, ഷോർട്‌സ്‌, ലുങ്കി, കുട്ടികളുടെ ടീ ഷർട്ട്,‌ ട്രൗസർ തുടങ്ങിയവക്കായിരുന്നു ആവശ്യക്കാറേറെ. എന്നാൽ, നിയന്ത്രണങ്ങൾ മാറി പൊതുചടങ്ങുകളും മറ്റും സജീവമായതോടെ പാർട്ടിവെയറുകൾക്കും മറ്റ് ഡ്രസുകൾക്കും ആവശ്യക്കാർ ഏറുന്നു. കോവിഡ് കാലത്ത് ഉദ്യോഗസ്ഥർ ജോലി വീട്ടിലാക്കിയതും വിവാഹങ്ങൾ കുറഞ്ഞതും തുണിയെടുപ്പിനെ കാര്യമായി ബാധിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങൾ പഴയപടിയായതും പൊതു-സ്വകാര്യ സ്ഥാപനങ്ങളെല്ലാം വർക്ക്ഫ്രം ഹോം സംവിധാനം ഒഴിവാക്കിതോടെ വസ്ത്ര വിപണിയിലും ഇതിന്‍റെ പ്രതിഫലനമുണ്ട്. ഓണം പോലെ വ്യാപാരികൾക്ക് ഏറെ പ്രതീക്ഷയേകുന്ന മാസങ്ങളാണ് ഏപ്രിൽ-മേയ്. സ്കൂൾ തുറക്കൽ തന്നെയാണ് പ്രധാനം. പുത്തൻ ഡ്രസുമായി സ്കൂളിലേക്കെന്നത് മലയാളിയുടെ പതിവ് രീതിയാണ്. കുട്ടികളെ ആകർഷിക്കും വിധത്തിൽ ട്രെൻഡിയായ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കുക. ഒപ്പം യൂനിഫോം വിൽപനയിലും വലിയ പ്രതീക്ഷയുണ്ട്. ഇക്കുറി ഏപ്രിൽ വിഷുവും ഈസ്റ്ററുമുണ്ടെന്ന സവിശേഷതയുണ്ട്. ഓഫറുകൾ പ്രഖ്യാപിച്ചും സമ്മാനങ്ങൾ നിരത്തിയുമെല്ലാം വ്യാപാരം സജീവമാക്കാനുള്ള തയാറെടുപ്പുകളാണെങ്ങും. കഴിഞ്ഞ വർഷം ഓണക്കാലത്ത് ശരാശരി കച്ചവടമാണ് നടന്നത്. ഇക്കുറി അതിൽ തിന്നെല്ലാം വ്യത്യസ്തമാകുമെന്നു തന്നെയാണ് കരുതുന്നത്. ബ്രാൻഡുകൾക്കൊപ്പം ബ്രാൻഡിതര തുണിത്തരങ്ങൾക്കും ഒരു പോലെ ആവശ്യക്കാരുണ്ട്. അതുകൊണ്ടു തന്നെ രണ്ടിനങ്ങളും കച്ചവടക്കാർ ഒരു പോലെ സ്റ്റോക്ക് ചെയ്യും. ഓൺലൈൻ പോർട്ടലുകളെക്കാൾ തുണികൾ തൊട്ടറിഞ്ഞ് എടുക്കാമെന്നതാണ് വ്യാപാരശാലകളുടെ പ്രേത്യക. സാരി വിപണിയിലെ വൈവിധ്യം എണ്ണിയാലൊടുങ്ങാത്തവയാണ്. ബനാറസ് സില്‍ക്ക്, കൈത്തറിസാരികള്‍, എംബ്രോയിഡറികള്‍, ആപ്ലിക് പണികള്‍, ബിഡ് പണികള്‍, കട്ട് പണികള്‍, പെയിന്‍റിങ് എന്നിങ്ങനെ ഡിസൈന്‍ വൈവിധ്യങ്ങള്‍ ഒട്ടേറെയാണ്. ഓരോ സീസണിലും ഓരോ ഫാഷന്‍ എന്നതുപോലെ നിറങ്ങളും അനുദിനം മാറുകയാണ്. ഇന്നലത്തെ ചില്ലി റെഡ് ഇന്നത്തെ ഫാഷനേയല്ല. അപൂര്‍വ സുന്ദര നിറങ്ങളാണ് ഇന്നത്തെ ട്രെൻഡ്​. നെറ്റ്, ക്രേപ്പ്, കോട്ടണ്‍, ടൂളി, ടിഷ്യൂ സില്‍ക്ക് തുടങ്ങിയ ചുരിദാര്‍ മെറ്റീരിയലിലും വൈവിധ്യങ്ങളേറെയാണ്. പുരുഷന്മാർക്കും കുട്ടികൾക്കുമെല്ലാമായി ട്രൻഡിങ് ശേഖരണമാണ് കടകളിലൊരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.