മത്സ്യമേഖലക്ക്​ പരിഗണന നൽകി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ ബജറ്റ്, പ്രതിപക്ഷം ബഹിഷ്കരിച്ചു

ആറ്റിങ്ങൽ: മത്സ്യമേഖലക്ക്​ പ്രഥമ പരിഗണന നൽകിയും സേവന-പശ്ചാത്തല മേഖലകളിൽ തുക വകയിരുത്തിയും അഞ്ചുതെങ്ങ് പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിന്റെ തനത് വരുമാനവും വർധിപ്പിക്കുന്ന നിർദേശങ്ങളുമുണ്ട്​. 20,56,68,000 രൂപ വരവും 19,28,72,196 രൂപ ചെലവും 25,06,786 രൂപ നീക്കിയിരിപ്പുമുള്ളതാണ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിജാ ബോസ് അവതരിപ്പിച്ച ബജറ്റ്. വിത്തുതേങ്ങ ഉദ്പാദിപ്പിച്ച് വിതരണം, ഹോളോ ബ്രിക്സ്-ഇന്റർലോക്ക് നിർമാണ യൂനിറ്റ്, ചാണകം ഉണക്കി വിൽപന യൂനിറ്റ് എന്നിവക്ക് തുക വകയിരുത്തി. വയോജന സൗഹൃദ -ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപനം. പഞ്ചായത്ത് പ്രസിഡന്‍റ്​ വി. ലൈജു അധ്യക്ഷത വഹിച്ചു. അതേസമയം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം ബഹിഷ്കരിച്ച് കോൺഗ്രസ്​ അംഗങ്ങൾ. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ബജറ്റാണെന്നും പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾക്കു പോലും തുക വകയിരുത്തിയിട്ടില്ലെന്നും അടിസ്ഥാന വികസനത്തെയും മത്സ്യത്തൊഴിലാളികളെയും കയർതൊഴിലാളികളെയും അവഗണിച്ചാണ് ബജറ്റ് തയാറാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്​ അംഗങ്ങൾ ബജറ്റ് ബഹിഷ്കരിച്ചത്. പഞ്ചായത്തംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജുഡ് ജോർജ്, ദിവ്യാ ഗണേഷ്, ഷീമാ ലെനിൻ എന്നിവർ ഇറങ്ങിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.