അസിസ്റ്റന്‍റ്​ റാങ്ക്​ പട്ടിക കാലാവധി തീരുന്നു; സെക്രട്ടേറിയറ്റ് ഭരണപ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്​ അസിസ്റ്റന്‍റ്​ റാങ്ക്​ പട്ടിക കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം. നിരവധി ഉദ്യോഗസ്ഥർ വിരമിക്കാനിരിക്കെ സെക്രട്ടേറിയറ്റ്​ പ്രവർത്തനം പ്രതിസന്ധിയിലേക്ക്​ നീങ്ങുമെന്നാണ്​ ആശങ്ക. സെക്രട്ടേറിയറ്റിലെ ഏറ്റവും അടിസ്ഥാന ജോലി നിർവഹിക്കുന്നത് അസിസ്റ്റന്‍റുമാരാണ്. ഈ തസ്തികയിലേക്ക് പി.എസ്​.സി മുഖേന നേരിട്ടുള്ള നിയമനമാണ്​. നിലവിലെ അസിസ്റ്റന്‍റ്​ റാങ്ക്​ പട്ടികയുടെ കാലാവധി ഏപ്രിൽ എട്ടിന്​ അവസാനിക്കും. അതോടെ പുതിയ നിയമനങ്ങൾ നടക്കാത്ത അവസ്ഥയാകും. മേയിൽ സെക്രട്ടേറിയറ്റിൽനിന്ന്​ നിരവധി ജീവനക്കാർ വിരമിക്കുന്നുണ്ട്. വിരമിക്കലിന് ആനുപാതികമായി പിറ്റേദിവസം തന്നെ ഒഴിവ് നികത്തുന്നവിധത്തിൽ പി.എസ്​.സിയെ പ്രതീക്ഷിത ഒഴിവുകൾ അറിയിച്ചിട്ടുണ്ടെങ്കിലും ലിസ്റ്റ്​ നിലവിലില്ലാത്തതിനാൽ നിയമനം നടത്താൻ കഴിയാത്ത അവസ്ഥയാകുമുണ്ടാകുക. പുതിയ റാങ്ക്​ പട്ടിക വരാൻ ഒരുവർഷമെങ്കിലും എടുക്കും. സമീപകാലത്ത് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിട്ടില്ല. റാങ്ക്​ പട്ടിക അവസാനിക്കുന്ന പിറ്റേദിവസം പുതിയ റാങ്ക്​ പട്ടിക നിലവിൽ വരുന്നതാണ്​ പതിവ്​. ഇത്തവണ കോവിഡ്​ കാരണം പി.എസ്​.സി പരീക്ഷ വൈകിയതും രണ്ടുഘട്ട പരീക്ഷ സമ്പ്രദായം ആവിഷ്കരിച്ചതും പുതിയ പട്ടിക നിലവിൽ വരുന്നതിന്​ തടസ്സമായി. റാങ്ക്​ പട്ടികയില്ലാത്തത്​ പി.എസ്​.സി പരീക്ഷാ നടത്തിപ്പിനും വെല്ലുവിളിയാണ്​. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്​ എന്നറിയപ്പെടുന്ന അസിസ്റ്റന്‍റ്​/ഓഡിറ്റർ തസ്തികയുടെ റാങ്ക്​ പട്ടികയിൽനിന്നാണ്​ പി.എസ്​.സി അസിസ്റ്റന്‍റ്​ തസ്തികയിലേക്ക്​ നിയമനം നടത്തുന്നത്. റാങ്ക്​ പട്ടിക അവസാനിക്കുന്നതോടെ പി.എസ്​.സിയിലേക്കുള്ള നിയമനവും സ്തംഭിക്കും. നിലവിൽ പരീക്ഷ നടപടി കാര്യക്ഷമമായും കാലോചിതമായും നടപ്പാക്കാൻ പി.എസ്​.സിയുടെ അംഗബലം കൊണ്ടാകുന്നില്ല. റാങ്ക്​ പട്ടിക കാലാവധി നീട്ടുകയോ മേയ്​ മാസത്തെ കൂട്ടവിരമിക്കലിന്​ ആനുപാതികമായ ഒഴിവുകൾ റാങ്ക്​ പട്ടിക അവസാനിക്കും മുമ്പ്​ പ്രൊവിഷണലായി റിപ്പോർട്ട് ചെയ്യുകയോ ആണെങ്കിൽ ഈ പ്രതിസന്ധി മറികടക്കാനാകും. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.