നേമം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യത്യസ്ത ദിവസങ്ങളിൽ മരിച്ചവരിൽ ഒരാളുടെ മൃതദേഹം മാറി സംസ്കരിച്ചു, മറ്റൊരാളുടെ മൃതദേഹം മോർച്ചറിയിൽ. നരുവാമൂട് സ്വദേശി ബാബു (54), ഒറ്റശേഖരമംഗലം സ്വദേശി ലാൽമോഹൻ (34) എന്നിവരുടെ മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. മാർച്ച് 11ന് പ്രാവച്ചമ്പലം ജങ്ഷനിൽ ഉണ്ടായ അപകടത്തിലാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനമാണ് ഇയാളെ ഇടിച്ചുവീഴ്ത്തിയത്. വിലാസം വ്യക്തമല്ലാതിരുന്നതിനാൽ ആശുപത്രിയിൽ എത്തിച്ചവർക്ക് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാൻ സാധിച്ചിരുന്നില്ല. ബാബു ആശുപത്രിയിൽ ചികിത്സയിലിരിക്കെതന്നെ മിനിറ്റുകളുടെ വ്യത്യാസത്തിൽ കാട്ടാക്കട അന്തിയൂർക്കോണം ഭാഗത്തുണ്ടായ മറ്റൊരു വാഹനാപകടത്തിലാണ് ലാൽമോഹനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഇയാളുടെ ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തി. മുഖത്ത് മുഴുവൻ രക്തക്കറ ഉണ്ടായിരുന്ന ബാബുവാണ് ലാൽ മോഹൻ എന്ന തെറ്റിദ്ധാരണയിൽ ലാൽമോഹന്‍റെ ബന്ധുക്കൾ ഇയാളെ ബേൺ ഐ.സി.യുവിലേക്ക് പ്രവേശിപ്പിക്കുകയും കൂട്ടിരിക്കുകയും ചെയ്തു. ബാബു മാർച്ച് 12ന് മരിച്ചു. അജ്ഞാതമൃതദേഹം എന്ന പേരിൽ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് പോകേണ്ടിയിരുന്ന മൃതദേഹം ലാൽമോഹന്‍റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരം നടത്തി. ഇതിനിടെ ബാബുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേമം സ്റ്റേഷനിൽ പരാതിയുമായെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ബാബു മരിച്ച വിവരം ലഭിച്ചത്. പിന്നീട് പൊലീസ് വിശദമായ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം മാറി കൊണ്ടുപോയതായി അറിഞ്ഞത്. ബാബുവിന്‍റെ സംസ്കാര ചടങ്ങുകൾക്കു ശേഷമാണ് ലാൽമോഹൻ മരിച്ചത്. പൊലീസ് ഇയാളുടെ ബന്ധുക്കളെ വരുത്തുകയും ഒടുവിൽ മൃതദേഹം തിരിച്ചറിയുകയും അബദ്ധത്തിൽ മാറി കൊണ്ടുപോയതാണെന്ന് പറയുകയും ചെയ്തു. ലാൽ മോഹന്‍റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികൾക്കുശേഷം വ്യാഴാഴ്ച മൃതദേഹം വിട്ടുനൽകും. മൃതദേഹം മാറി കൊണ്ടുപോയി സംസ്കരിച്ചതുമായി ബന്ധപ്പെട്ട് ബാബുവിന്‍റെ ബന്ധുക്കൾ നേമം പൊലീസിൽ പരാതി നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.