ജീവനക്കാരും ഭരണകര്‍ത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണം -മന്ത്രി വി. ശിവന്‍കുട്ടി

*റവന്യൂ അവാര്‍ഡുകള്‍ നേടിയ ജില്ലയിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു തിരുവനന്തപുരം: ജീവനക്കാരും ഭരണകര്‍ത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണമെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനാകണം സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്. സമൂഹത്തിനുവേണ്ടി ജീവനക്കാരും ജനപ്രതിനിധികളും ചെയ്യുന്ന നല്ല പ്രവൃത്തികള്‍ എല്ലായ്‌പ്പോഴും അംഗീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന റവന്യൂ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥരെ അനുമോദിക്കാൻ കലക്ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആൻഡ്​ റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗതാഗതമന്ത്രി ആന്റണി രാജു പുരസ്‌കാരം വിതരണം ചെയ്തു. മന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീര്‍, സബ്​ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ സഞ്ജയ് ജോണ്‍, അസി. കലക്ടര്‍ ശ്വേത നാഗര്‍കോട്ടി, കലക്‌ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷ പ്രോജക്ടിൽ ഒഴിവ് തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പ്രോജക്ടിൽ മാനേജർ, ഔട്ട് റീച്ച് വർക്കർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി/ എം.ബി.എ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്ലസ് ടുവാണ് ഔട്ട് റീച്ച് വർക്കറുടെ യോഗ്യത. ഇരു തസ്തികകൾക്കും ഹിന്ദി ഭാഷാപ്രാവിണ്യം അഭികാമ്യം. താൽപര്യമുള്ളവർ മാർച്ച് 15ന് മുമ്പ്​ whiaidsproject@gmail.com മെയിലിൽ ബയോഡേറ്റ അയക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129949923 ഏകദിന ശിൽപശാല തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പ് സംഘടിപ്പിച്ച 'ഭൂജല വിഭവ നിര്‍ണയം 2020-അവലോകനം' ഏകദിന ശിൽപശാല ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഉദ്ഘാടനം ചെയ്തു. ഭൂജല വിനിയോഗ പദ്ധതികളുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഭൂജല സമ്പത്ത് വർധിപ്പിക്കുന്നതിന്​ മഴവെള്ളസംഭരണം ഉള്‍പ്പെടെ പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്ന് ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേശപതി പറഞ്ഞു. ഇതിനായി പൊതുജനങ്ങളുടെ സഹകരണത്തോടെ പങ്കാളിത്ത സംരംഭങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോര്‍ഡും സംയുക്തമായാണ് ഭൂജല സ്രോതസ്സുകളുടെ വിഭവ നിര്‍ണയ റിപ്പോര്‍ട്ട് തയാറാക്കിയത്. ഭൂജല സമ്പത്ത് അടിസ്ഥാനമാക്കി 152 ബ്ലോക്കുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചിറ്റൂര്‍, മലമ്പുഴ, കാസർകോട്​ ബ്ലോക്കുകള്‍ ഗുരുതര വിഭാഗത്തിലും 29 ബ്ലോക്കുകള്‍ ഭാഗിക ഗുരുതര വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഭൂജല വിഭവശേഷി വർധിപ്പിക്കുന്നതിന്റെ ആവശ്യകതയും അവയുടെ സുസ്ഥിരത ഉറപ്പുവരുത്തിക്കൊണ്ടുള്ള വിതരണവും വിനിയോഗവും സാധ്യമാക്കുന്നതിനുള്ള ആശയങ്ങളും ശില്‍പശാലയില്‍ ചര്‍ച്ചചെയ്തു. സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടര്‍ ആന്‍സി ജോസഫ്, സൂപ്രണ്ടിങ്​ ഹൈഡ്രോ ജിയോളജിസ്റ്റ് എ.ജി. ഗോപകുമാര്‍, കേന്ദ്ര ഭൂജല ബോര്‍ഡ് റീജനല്‍ ഡയറക്ടര്‍ എ. സുബ്ബരാജ്, ഭൂജല വകുപ്പ് സൂപ്രണ്ടിങ്​ എൻജിനീയര്‍ പി.വി. വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.