വിദ്യാഭ്യാസ വകുപ്പ് കോർ കമ്മിറ്റിയെ രാഷ്ട്രീയ സമിതിയാക്കിയെന്ന് വിമർശനം തിരുവനന്തപുരം: ഖാദർ കമ്മിറ്റി ഒന്നാംഘട്ട റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്പെഷൽ റൂൾസ് തയാറാക്കുന്നതിനായി സർക്കാർ നിയോഗിച്ച കോർ കമ്മിറ്റി രാഷ്ട്രീയ സമിതിയായെന്ന് വിമർശനം. കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കിയുള്ള കമ്മിറ്റിക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നു. ഡോ.സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ, കെ.സി ഹരികൃഷ്ണൻ, സി.പി. പത്മരാജ്, ആർ. മുരളീധരൻ പിള്ള, എ.കെ. സുരേഷ് കുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ സി. രാമകൃഷ്ണൻ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളുമാണ്. കെ.സി. ഹരികൃഷ്ണൻ സമീപകാലം വരെ കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്. മറ്റുള്ള അംഗങ്ങൾ ഇടത് സർവിസ് സംഘടനകളിൽ അംഗങ്ങളായവരോ റിട്ടയർ ചെയ്ത മുൻ അംഗങ്ങളോ ആണെന്നാണ് ആക്ഷേപം. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരോ വിദ്യാഭ്യാസ വിചക്ഷണന്മാരോ ഉൾപ്പെടാത്ത കമ്മിറ്റിയിൽ സി.പി.എം അനുകൂല അധ്യാപക-അനധ്യാപക സംഘടനകളിലെ മുൻ ഭാരവാഹികളാണ് അംഗങ്ങളായിട്ടുള്ളതെന്ന് എ.എച്ച്.എസ്.ടി.എ ആരോപിച്ചു. മാർക്സിസ്റ്റ് - കമ്യൂണിസ്റ്റ് അജണ്ടകൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള സർക്കാറിന്‍റെ ഗൂഢപദ്ധതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് കോർ കമ്മിറ്റിയെ രാഷ്ട്രീയ സമിതിയാക്കിയെന്ന് വിമർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.