അഡ്വ.വി.ജോയ് എൽ.ഡി.എഫ്, വർക്കല കഹാർ യു.ഡി.എഫ്, സ്മിത സുന്ദരേശൻ ബി.ജെ.പി
തിരുവനന്തപുരം: കൊടും ചൂടിൽ മണ്ഡലം അതിരിടുന്ന അറബിക്കടലിൽ വെള്ളം തിളക്കുന്നതിനേക്കാൾ കഠിനമാണ് വർക്കലയിലെ പോരാട്ടച്ചൂട്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെത്തിയതോടെ രാഷ്ട്രീയ ഉഷ്ണമാപിനിയിൽ മണ്ഡലത്തിലെ താപനില കുതിച്ചുയരുന്നു. പ്രമുഖരുടെ പടർച്ചക്കും തളർച്ചക്കും സാക്ഷ്യം വഹിച്ച മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലമരുമ്പോൾ നേർക്ക് നേർ പോരാണ്. രാഷ്ട്രീയക്കാറ്റ് ഇടതു ചേർന്നും വലത് മാറിയുമെല്ലാം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ആർക്കും ഈസി വാക്കോവറല്ലെന്നും വ്യക്തം. വിജയിക്കണമെങ്കിൽ നന്നായി വിയർക്കണം.
മൂന്നാം ഊഴം ലക്ഷ്യമിടുന്ന സി.പി.എം സ്ഥാനാർഥി അഡ്വ.വി.ജോയി, ജില്ല സെക്രട്ടറിയുടെ ചുമതല എ.എ റഹീമിനെ ഏൽപ്പിച്ച് നേരത്തെ തന്നെ കളത്തിലിറങ്ങിയിരുന്നു. 2016 ജോയിയോട് കാലിടറിയതിന്‍റെ കണക്കുതീർക്കാനാണ് പത്ത് വർഷത്തെ കാത്തിരിപ്പും തയ്യാറെടുപ്പുമായി യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാർ രംഗത്തുള്ളത്. 2021 ൽ കഹാറിന് സീറ്റ് കിട്ടിയിരുന്നില്ല. ബി.ആർ.എം ഷഫീറായിരുന്നു കോൺഗ്രസിന് വേണ്ടി ജനവിധി തേടിയത്. നാടകീയ മാറ്റങ്ങൾക്കൊടുവിൽ നേരത്തെ നിശ്ചയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത സ്ഥാനാർഥിയെ മാറ്റി, സി.പി.എമ്മിൽ നിന്ന് കൂടുമാറിയെത്തിയ സ്മിത സുന്ദശേനെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയിരുന്ന സീറ്റ് പത്ത് വർഷത്തിന് ശേഷം ബി.ജെ.പി ഏറ്റെടുത്തു എന്നതിനൊപ്പം സി.പി.എം വർക്കല മുൻ ഏരിയ സെക്രട്ടറി എസ്.സുന്ദരേശന്‍റെ മകളും പാർട്ടി ഏരിയ കമ്മിറ്റിയംഗവും വർക്കല ബ്ലോക്ക് പഞ്ചായത്തംഗവുമായ സ്മിത സുന്ദരേശനെ സ്ഥാനാർഥിയാക്കി എന്നതിലാണ് രാഷ്ട്രീയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം വി.ജോയി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ എസ്.സുന്ദരേശനും സ്മിത സുന്ദരേശനും ഒപ്പമുണ്ടായിരുന്നെങ്കിൽ പിറ്റേ ദിവസമാണ് കൂടുമാറ്റം.
മടവൂർ, പള്ളിക്കൽ, നാവായിക്കുളം, ചെമ്മരുതി, വെട്ടൂർ, ഇലകമൺ, ഇടവ എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളും വർക്കല മുൻസിപ്പാലിറ്റിയും അടങ്ങുന്നതാണ് മണ്ഡലത്തിന്‍റെ തദ്ദേശ ചിത്രം. പഞ്ചായത്തുകളിൽ ഇലകമണും ഇടവയുമൊഴികെ മറ്റിടങ്ങളിലെല്ലാം യു.ഡി.എഫ് ഭരണസമിതിയാണ്. 34 ഡിവിഷനുകളുള്ള മുൻസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ ഇടതുമുന്നണിയാണ് ഭരണം കയ്യാളുന്നത്. എൽ.ഡി.എഫ്-16, യു.ഡി.എഫ്-6, ബി.ജെ.പി-10, സ്വതന്ത്ര-രണ്ട്, എന്നിങ്ങനെയാണ് ഇവിടത്തെ കക്ഷി നില.
പ്രദേശികവും രാഷ്ട്രീയവുമായ വിഷയങ്ങൾ പ്രചാരണത്തിൽ ഓളം തീർക്കുന്നതിനൊപ്പം അവകാശവാദങ്ങളും ആരോപണങ്ങളും പ്രതിവാദങ്ങളും വാഗ്ദാനങ്ങളുമെല്ലാം മുറപോലെ നിറയുക കൂടിയാണ് മണ്ഡലത്തിൽ. വികസനകാര്യത്തിലെ മാർക്കിടലും സംസ്ഥാനം ഭരണത്തിന്‍റെ വിലയിരുത്തലും ഒപ്പം നിർണായകമാവുന്ന ന്യൂനപക്ഷ-ഈഴവ വോട്ടുബാങ്കിലെ പങ്കുവെക്കലുമടക്കം വർക്കലയുടെ ഉള്ളറിയാൻ ആകാംക്ഷയിൽ കാത്തിരിക്കുന്ന രാഷ്ട്രീയകാമ്പുകളുടെ നെഞ്ചിടിപ്പേറ്റുന്ന ഘടകങ്ങൾ നിരവധിയുണ്ട്. കഴിഞ്ഞ തവണ വർക്കല പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് അഡ്വ. വി.ജോയി കളത്തിലുള്ളത്. 2001 മുതൽ മൂന്ന് വട്ടം തങ്ങൾക്കൊപ്പം നിന്ന മണ്ഡലം കഴിഞ്ഞവട്ടം കൈവിട്ടുവെങ്കിലും തിരികെ പിടിക്കമെന്ന വാശിയിലാണ് യു.ഡി.എഫ്. ശക്തമായ മത്സരം കാഴ്ചവെക്കാൻ ബി.ജെ.പിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.