ഐ.ബി. സതീഷ്, എം.ആർ. ബൈജു, പി.കെ. കൃഷ്ണദാസ്
കാട്ടാക്കട: ഇടതു-വലതുമുന്നണികള്‍ക്കൊപ്പം എന്‍.ഡി.എയും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കാട്ടാക്കട. കരമന-കളിയിക്കാവിള ദേശീയപാത കടന്നുപോകുന്ന പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മുതല്‍ കാര്‍ഷികമേഖലയായ വിളപ്പില്‍ശാല വരെയും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി അതിരുപങ്കിടുന്ന മാറനല്ലൂര്‍ പഞ്ചായത്ത് മുതല്‍ കാട്ടാക്കട പഞ്ചായത്തിലെ ചന്ദ്രമംഗലം വരെയും നീണ്ടുകിടക്കുന്നതും ആറ് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതുമാണ് ഈ നിയോജക മണ്ഡലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്താനായതിന്‍റെ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ ഇക്കുറി മണ്ഡലത്തിൽ മത്സരിക്കുന്നത്. എന്നാൽ ഇടത്-വലത് മുന്നണികളെ മാറിമാറി തുണച്ചിട്ടുള്ള ഈ മണ്ഡലത്തിലെ വോട്ടർമാർ ഇക്കുറി ആർക്കൊപ്പമെന്നതാണ് നിർണായകം.
കാട്ടാക്കട നിലനിര്‍ത്താനായി ഇടതുമുന്നണി നിലവിലെ എം.എല്‍.എയായ ഐ.ബി.സതീഷിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. രണ്ടുവട്ടം യു.ഡി.എഫിനെ കൈവിട്ട മണ്ഡലം വീണ്ടെടുക്കാനായി ജില്ലപഞ്ചായത്തംഗമായിരുന്ന എം. ആര്‍.ബൈജുവിനെയാണ് കോണ്‍ഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കാനായി നാലാം തവണയും ദേശീയ നേതാവ് പി.കെ. കൃഷ്ണദാസിനെയാണ് ബി.ജെ.പി നിയോഗിച്ചിട്ടുള്ളത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി കാട്ടാക്കട സാക്ഷ്യം വഹിക്കുന്നത്. നിയോജക മണ്ഡലത്തിലെ കാട്ടാക്കട, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണിയും, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ യു.ഡി.എഫും മാറനല്ലൂര്‍, വിളപ്പില്‍ പഞ്ചായത്തുകള്‍ എന്‍.ഡി.എയുമാണ് ഇപ്പോൾ ഭരിക്കുന്നത്. തുല്യശക്തിയുള്ളതിനാൽ മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ പുലർത്തുന്നു.
സിറ്റിങ് എം.എല്‍.എ. സ്‌കൂള്‍ വിദ്യാഭ്യാസം മുതൽ വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, കോളജ് യൂനിയന്‍ ചെയര്‍മാന്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചു. പൂവച്ചല്‍ ജില്ല ഡിവിഷന്‍ പ്രതിനിധിയായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്, സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഹാട്രിക് ജയം തേടിയാണ് ഇക്കുറി മത്സരിക്കുന്നത്.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ കന്നിയങ്കം. കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനമാരംഭിച്ച് യൂനിവേഴ്സിറ്റി യൂനികൗൺസിലർ, വിദ്യാർഥി കൗൺസിൽ അംഗം, അഖില കേരള ബാലജനസഖ്യം നെയ്യാറ്റിൻകര യൂനിൻ കൺവീനർ,യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ്, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പള്ളിച്ചൽ ജില്ല ഡിവിഷനിൽ നിന്ന് വിജയിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് കിള്ളി ഡിവിഷനില്‍ നിന്നും ജനപ്രതിനിധിയായിട്ടുണ്ട്.
ആര്‍.എസ്.എസ് പ്രവർത്തകനും അധ്യാപകനുമായിരുന്നു. പിന്നീട് അധ്യാപക ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റായി. 2006 മുതല്‍ 2009 വരെ ബി.ജെ.പി കേരള സംസ്ഥാന പ്രസിഡന്‍റായി. ബി.ജെ.പി ദേശീയ സെക്രട്ടറിയായും 2014 മുതല്‍ 2022 വരെ തെലങ്കാന സംസ്ഥാനത്തിന്‍റെ ചുമതലയുള്ള നേതാവായും പ്രവര്‍ത്തിച്ചു. റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.