പഴഞ്ചിറക്കുളത്തിനോട് ചേര്‍ന്ന് ബയോപാര്‍ക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ജൈവവൈവിധ്യ കലവറയുമായ മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറക്കുളം കേന്ദ്രീകരിച്ച് ബയോപാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലക്കുളങ്ങളിലൊന്നായ പഴഞ്ചിറക്കുളത്തിനെ ജൈവവൈവിധ്യ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പഠനം ആരംഭിച്ചതായും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടെനിന്ന്​ അപൂര്‍വങ്ങളായ പല ജീവജാലങ്ങളെയും സസ്യവിഭാഗങ്ങളെയും കണ്ടെത്താന്‍ കഴിഞ്ഞു. പത്തേക്കർ വ്യാപിച്ച് കിടക്കുന്ന കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിച്ച് തീരസംരക്ഷണം ഉറപ്പാക്കലാണ് ആദ്യഘട്ടം. കുളത്തിന്​ ചുറ്റും ഈറ, മുള, കണ്ടല്‍ എന്നിവ വെച്ചുപിടിപ്പിക്കുന്നതിനൊപ്പം പൂന്തോട്ട നിർമാണത്തിനും പദ്ധതിയുണ്ട്. അപൂര്‍വങ്ങളായ പലയിനം ശുദ്ധജലമത്സ്യങ്ങളുടെയും ദേശാടന പക്ഷികളുടെയും സസ്യവിഭാഗങ്ങളുടെയും കലവറകൂടിയാണ് പഴഞ്ചിറക്കുളം. ഇവയെ ആവാസവ്യവസ്ഥയോടൊപ്പം തന്നെ സംരക്ഷിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കടുത്ത വേനലിലും വറ്റാത്ത കുളത്തിലെ ജലം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് വിപുലീകരിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കും. ഇതിന് പുറമെ പഞ്ചായത്തിലെ കാവുകളുടെയും മറ്റ് ജലാശയങ്ങളുടെയും സംരക്ഷണവും പുനര്‍നിര്‍മാണവും പരിഗണനയിലുണ്ട്. ചിറയിന്‍കീഴിലെ വിനോദസഞ്ചാര വികസനത്തിന് പഴഞ്ചിറക്കുളം ബയോ പാര്‍ക്ക് നിർമാണം മുതല്‍ക്കൂട്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.