തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സ്ഥാനക്കയറ്റം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരിൽ പലരും സ്ഥാനക്കയറ്റത്തിനായി വ്യാജ രേഖകൾ ഹാജരാക്കിയതായി വിവരം. ദേവസ്വം വിജിലൻസ്​ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ്​ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ​. എന്നാൽ സംഭവം അറിഞ്ഞിട്ടും യാതൊരു നടപടിയും ദേവസ്വം ബോർഡ്​ എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടന്നാൽ പലരും കുടുങ്ങുമെന്നതിനാൽ അന്വേഷണം അട്ടിമറിക്കാൻ അണിയറനീക്കവും പുരോഗമിക്കുകയാണ്​. ഉദ്യോഗസ്ഥരില്‍ പലരും സ്ഥാനക്കയറ്റത്തിനായി ഡിഗ്രിയുടേതുൾപ്പെടെ കേട്ടുകേൾവിയില്ലാത്ത യൂനിവേഴ്​സിറ്റികളിൽ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായാണ് വിവരം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന്​ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം വിജിലൻസ്​ ദേവസ്വം ബോര്‍ഡിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. എൽ.ഡി ക്ലര്‍ക്കായി ജോലിക്ക്​ കയറുന്നവർ സ്ഥാനക്കയറ്റം നേടുന്നതിനായി വകുപ്പുതല പരീക്ഷയും അക്കൗണ്ട് ടെസ്റ്റും പാസാകണമെന്നാണ്​ വ്യവസ്ഥ. എന്നാല്‍ പലരും വകുപ്പുതല പരീക്ഷ പാസാകാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്​ സ്ഥാനക്കയറ്റം നേടിയെന്നാണ് ദേവസ്വം വിജിലന്‍സിന്​ ലഭിച്ച വിവരം. സാധാരണ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ബോര്‍ഡിന് ഉദ്യോഗസ്ഥരെ തരംതാഴ്ത്താനും അവര്‍ക്ക്​ നല്‍കിയ ശമ്പളം തിരികെ പിടിക്കുന്നതിനും പൊലീസിന് കത്ത് നൽകുന്നതിനും അധികാരമുണ്ട്. എന്നാല്‍ ഇതൊന്നും ബോര്‍ഡ് അധികൃതര്‍ കൈ​െക്കാണ്ടില്ലെന്നതാണ്​ ഏറെ വിചിത്രം. ഒരാള്‍ ജോലിക്കുകയറുമ്പോള്‍ അയാള്‍ക്കുള്ള എല്ലാ യോഗ്യതകളും സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താറുണ്ട്. സാധാരണ സ്ഥാനക്കയറ്റ സമയത്ത് ചിലര്‍ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ഉന്നത വിദ്യാഭ്യാസത്തിന് പോകാറാണ്​ പതിവ്. എന്നാല്‍ ഇവിടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ പലരും ഇത്തരത്തില്‍ പഠനത്തിന്​ പോകാന്‍ അനുമതി തേടിയിട്ടില്ലെന്നും ബോർഡ്​ രേഖകൾ വ്യക്തമാക്കുന്നു. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.