ഇടതുസർക്കാറിനെ നിലപാടിൽ ഉറപ്പിച്ചുനിർത്താൻ നിരന്തര പോരാട്ടം അനിവാര്യം - കാനം രാജേന്ദ്രൻ

വ്യത്യസ്ത അഭിപ്രായങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനും ശരിയായ ദിശയിലേക്ക് കൊണ്ടുവരാനും വേണ്ടി നെടുമങ്ങാട്: ഇടതുസർക്കാറിനെ നിലപാടിൽ ഉറപ്പിച്ചുനിർത്താൻ നിരന്തര പോരാട്ടം അനിവാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുപക്ഷത്തി​ൻെറ നയങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോൾ കമ്യൂണിസ്റ്റുകാർ ജാഗ്രതയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ സി.പി.ഐ കൈതക്കാട് ബ്രാഞ്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി നിലപാടുകളെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എൽ.ഡി.എഫിനെ ദുർബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനും ശരിയായ ദിശയിലേക്ക് കൊണ്ടുവരാനും വേണ്ടിയാണ്. അഭിപ്രായം പറയുന്നത് സി.പി.ഐയും സി.പി.എമ്മും തമ്മിലടിക്കാൻ വേണ്ടിയ​െല്ലന്നും കാനം കൂട്ടിച്ചേർത്തു. രണ്ട്​ പാർട്ടികളും ഒരുമിച്ച് നിന്നാലേ ഇടതു, ജനാധിപത്യ, മതനിരപേക്ഷ ഐക്യം ശക്തിപ്പെടൂ. ബി.ജെ.പിയുടെ ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും പെരുകുമ്പോൾ ശതകോടീശ്വരന്മാരുടെ പട്ടികയും ഉയരുകയാണ്. പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിച്ച് ഖജനാവ് നിറക്കാനാണ് ശ്രമം. വർഗീയതയെ നേരിടാൻ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കുകയാണ് സി.പി.ഐ ലക്ഷ്യമാക്കുന്നത്. സി.പി.എം അടക്കമുള്ള പാർട്ടികൾ വിട്ട് വരുന്നവരെ സി.പി.ഐ സ്വീകരിക്കുക വഴി ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒപ്പം ചേരുന്നവരെ നെ​ഞ്ചോട്​ ചേർത്ത് നിർത്തും. ശരീരത്തിന് ചുറ്റും മുള്ളുകമ്പിയുടെ കവചം ഇട്ടു നിൽക്കുന്നവരല്ല സി.പി.ഐക്കാരെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ആദ്യകാല കമ്യൂണിസ്റ്റ് വി. കൃഷ്ണപിള്ള പാർട്ടിപതാക ഉയർത്തി. കൈതക്കാട് മുരളി അധ്യക്ഷത വഹിച്ചു. സജികുമാർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി റജി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ജില്ല കൗൺസിൽ അംഗം കരകുളം രാജീവ്, വി.ബി. ജയകുമാർ, കൊഞ്ചിറ മുരളി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : സി.പി.ഐ നെടുമങ്ങാട് മണ്ഡലത്തിലെ കൈതക്കാട് ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.