തൊഴിലിട ലൈംഗിക പീഡന പരാതികൾ അന്വേഷിക്കുന്ന സമിതികൾക്ക്​ മൂക്കുകയറിടുന്നു

തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകൾക്കെതിരായ തൊഴിലിട ലൈംഗിക പീഡന പരാതികൾ അന്വേഷിക്കുന്ന സമിതികൾക്ക് (ഐ.സി.സി)​ മൂക്കുകയറിടാൻ പൊലീസ്​. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി ചമച്ചെന്ന കേസിലാണ്​ ആ ഉദ്യോഗസ്ഥനെതിരായ​ പീഡന പരാതി അന്വേഷിച്ച അഭ്യന്തര അന്വേഷണ സമിതിയംഗങ്ങളെ കൂടി ക്രൈംബ്രാഞ്ച്​ പ്രതിപട്ടികയിൽ ചേർത്തത്​. സുപ്രീംകോടതി വിധി പ്രകാരം രൂപവത്​കരിച്ച സമിതികൾക്കെതിരെയുള്ള നീക്കം ദേശീയതലത്തിൽ ഇതാദ്യമാണ്​. സംസ്ഥാനത്ത്​ സർക്കാർ, സ്വകാര്യ, അസംഘടിത, സിനിമ മേഖലകളിൽനിന്ന്​ നിരവധി ലൈംഗിക പീഡന പരാതികൾ ആഭ്യന്തര അന്വേഷണ സമിതികൾക്കു​ മുന്നിൽ പരിഗണനയിലാണ്​. സമിതിക്കു​മേലുള്ള പൊലീസിന്‍റെ 'കൈയൂക്ക്​ കാട്ടൽ' തൊഴിലിടങ്ങളിലെ അതിക്രമക്കേസുകളിൽ നീതി തേടുന്ന സ്ത്രീകളുടെ അവസാന ആശ്രയങ്ങളെയും അട്ടിമറിക്കുമെന്നാണ്​ ആശങ്ക​. വിശാഖകേസിൽ 1997ൽ സുപ്രീംകോടതിയാണ്​ തൊഴിലിടങ്ങളിൽ ലൈംഗിക പീഡനം തടയുന്നതിന്​ മാർഗരേഖ പുറപ്പെടുവിച്ചത്​. തുടർന്ന്​, 'തൊഴിൽ സ്ഥലത്ത്​ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും 2013' നിയമം കേന്ദ്ര സർക്കാർ നടപ്പാക്കി. നിയമം അനുശാസിക്കുന്ന വ്യവസ്ഥക്കനുസൃതമായി അതത്​ തൊഴിൽ സ്ഥാപനങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കു​പുറമെ നിന്ന്​ സ്ത്രീ സംബന്ധിയായ കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധതയുള്ള, സർക്കാറിതര സംഘടനകളിലോ അസോസിയേഷനുകളിലോ ഉള്ള ഒരംഗമോ, ലൈംഗിക പീഡനത്തോട്​ ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്തറിയാവുന്ന ഒരാളോ കൂടി ഉൾപ്പെടുന്നതാണ്​ സമിതി. ലഭിക്കുന്ന പരാതികളിൽ വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട്​ തൊഴിലുടമക്ക്​ നൽകുകയാണ്​ സമിതി ചെയ്യുന്നത്​. ​'പൊലീസിന്‍റെ നടപടി വിചിത്രവും ആശങ്കപ്പെടുത്തുന്നതുമാണെന്ന്​' സാമൂഹിക ശാസ്ത്രജ്ഞ ജെ. ദേവിക പ്രതികരിച്ചു. 'പൊലീസ്​ നീക്കം പുറമെ നിന്നുള്ള അംഗങ്ങളെ പിറ​കോട്ടടിപ്പിക്കുന്നതും ഭയമുണ്ടാക്കുന്നതുമാണെന്ന്​' സഖി സംഘടനാ ട്രസ്റ്റികളിലൊരാളായ അഡ്വ. ജെ. സന്ധ്യ പറഞ്ഞു. സിനിമ മേഖലയിൽ കൂടി ആഭ്യന്തര അന്വേഷണ സമിതികൾ രൂപവത്​കരിക്കുന്നതിലേക്ക് ശക്തമായ സമ്മർദമാണ്​ ഡബ്ല്യു.സി.സി ഉൾപ്പെടെയുള്ള സംഘടനകൾ ചെലുത്തുന്നത്​. തുടർന്ന്,​ സംവിധായകനായ സെന്ന ഹെഗ്​ഡ ത​ന്‍റെ പുതിയ സിനിമ സെറ്റിൽ ആഭ്യന്തര പരിഹാര സമിതി രൂപവത്​കരിച്ചു. പൊലീസ്​ നടപടി സമിതികളെയും പരാതിക്കാരികളെയും ഭീഷണി, സമ്മർദ വരുതിയിൽ നിർത്തുന്നതിനാണെന്നാണ്​​​ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.