ചികിത്സ നിഷേധിച്ചു; കോവിഡ് രോഗിയുമായി ആംബുലൻസ് കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ

കിളിമാനൂർ: കോവിഡ് പോസിറ്റിവായ വയോധികയെയുംകൊണ്ട് ആംബുലൻസ് ജില്ലക്കകത്ത് കറങ്ങിയത് 11 മണിക്കൂറുകൾ. ഇതിനകം മെഡിക്കൽ കോളജ് അടക്കം നാല് കോവിഡ് സൻെററുകളിൽ എത്തിച്ചെങ്കിലും രോഗിയെ അഡ്മിറ്റ് ചെയ്യാനോ ആരോഗ്യനില പരിശോധിക്കാനോ ആരും തയാറായില്ല. ഒടുവിൽ രോഗിയുടെ ബന്ധുക്കൾ ബഹളം ​െവച്ചതോടെ രാത്രി വൈകിയാണ്​ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്​. കിളിമാനൂർ പഞ്ചായത്ത്​ അഞ്ചാം വാർഡ്, കുഞ്ഞയംകുഴി സിയാദ് മൻസിലിൽ ഷെരീഫബീവി ക്കാണ് (95) ദുരിതം അനുഭവിക്കേണ്ടി വന്നത്. കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജ അസുഖങ്ങളാൽ ചികിത്സയിലിരുന്ന ഷെരീഫബീവിക്ക് രാവിലെ 10 ഓടെയാണ് കോവിഡ് സ്ഥിരീകരിച്ചത്‌. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജിന്‍റെ നിർദേശപ്രകാരമാണ് 10.30 ഓടെ ആംബുലൻസ് എത്തിയത്. ജില്ല വാർറൂമിൽനിന്നും കിട്ടിയ നിർദേശത്തെ തുടർന്ന് രോഗിയെ വർക്കല താലൂ ക്ക് ആശുപത്രിക്ക് കീഴിൽ ശിവഗിരി സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സൻെററിൽ എത്തിച്ചു. എന്നാൽ, മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ അവിടെ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായില്ല. തുടർന്ന് കല്ലറ തറട്ട സർക്കാർ ആശുപത്രിയിലെ സി.എസ്.എൽ.ടി.സിയിൽ ഉച്ചക്ക് 12.30 ഓടെ എത്തിച്ചു. എന്നാൽ, രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കാൻ പോലും അനുവദിച്ചില്ല. തുടർന്ന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ടപ്പോൾ, ഒരു ബഡ് മാത്രമേ ഒഴിവുള്ളൂവെന്നും അതു മറ്റൊരു രോഗിക്ക് മുൻകൂറായി ബുക്ക് ചെയ്തിരിക്കുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു. വീണ്ടും തിരുവനന്തപുരത്തെ വാർ റൂമിൽ ബന്ധപ്പെട്ടു. തിരുവനന്തപുരം ഐരാണിമുട്ടത്തെ ഗവ. ഹോമിയോ ആശുപത്രിയിലെ കോവിഡ് സൻെററിൽ എത്തിക്കാൻ നിർദേശം ലഭിച്ചു. ബി കാറ്റഗറി രോഗിയായിരുന്നിട്ടും ഇവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. തുടർന്ന് വൈകീട്ട് 6.15 ഓടെ മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ, ആരും രോഗിയെ നോക്കാൻ പോലും തയാറായില്ല. ഇതോടെ ബന്ധുക്കൾ ജീവനക്കാരുമായി വഴക്കിട്ടു. 7.45 ഓടെ ഒരു ഡോക്ട ർ എത്തി ആംബുലൻസിന്​ പുറത്തുനിന്ന് രോഗിയെ നിരീക്ഷിച്ചു. വീണ്ടും രണ്ടുമണിക്കൂറിനു ശേഷം രാത്രി 10 ഓടെ ഇവിടെ വയോധികയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനകം ഇവരുടെ ഓക്​സിജൻ കൗണ്ട്​ വളരെ താഴ്ന്നു. ഇപ്പോൾ ഷെരീഫ ബീവി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പഞ്ചായത്തിൽ സേവനം നടത്തുന്ന ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ യൂത്ത് കെയർ ആംബുലൻസിലെ ഡ്രൈവർ അമൽ, വളൻറിയർ ഗോകുൽ എന്നിവരാ ണ് ഒരു പകലത്രയും കോവിഡ് രോഗിയുമായി ആശുപത്രികളായ ആശുപത്രികളിൽ കയറിയിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.